ശാന്തൻപാറ കൊലപാതകം : വസീമും ലിജിയും വിഷം കഴിച്ച നിലയിൽ, മകൾ മരിച്ചു

മുംബൈ : ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരയുന്ന റിസോര്‍ട്ട് മാനേജര്‍ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.

മുംബൈയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിത്. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ലിജിയുടെയും റിജോഷിന്റെയും രണ്ടര വയസ്സുള്ള കുട്ടി മരിച്ചു.

കേസില്‍ വസീമിന്റെ സഹോദരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വസീമിന്റെ സഹോദരന്‍ ഫഹദ് ആണ് അറസ്റ്റിലായത്.

വസീമിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഫോൺ രേഖകൾ പരിശോധിച്ച് നേരത്തേ കേരള പൊലീസ് സംഘം മുംബൈയില്‍ എത്തിയിരുന്നു. അതിനിടെയാണ് ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽ ഇവരെ കണ്ടെത്തിയ വിവരം ലഭ്യമാകുന്നത്.

ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊന്നു കുഴിച്ചുമൂടിയതു താനാണെന്ന് ഏറ്റുപറയുന്ന ഫാം ഹൗസ് മാനേജര്‍ കൂടിയായ വസീമിന്റെ വിഡിയോ സന്ദേശവും പിന്നാലെ പൊലീസിനു ലഭിച്ചു.

Top