സംസ്‌കൃത ഭാഷയെ സാധാരണക്കാരിലേക്ക് എത്തിക്കണം: ഡോ.ആര്‍.ബിന്ദു

എറണാകുളം: സംസ്‌കൃത ഭാഷയെ സാധാരണക്കാരിലേക്ക് എത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു. സംസ്‌കൃതഭാഷയിലും വൈജ്ഞാനിക അന്വേഷണങ്ങളിലും കേരളത്തിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. പ്രകൃതിയുടെയും സാംസ്‌കാരിക തനിമയുടെയും പഞ്ചാത്തലത്തിൽ പൂർവികർ നടത്തിയ വേറിട്ട അന്വേഷണങ്ങളിലൂടെയും നമുക്ക് ലഭിച്ച വൈജ്ഞാനിക ഖജനാവാണ് സംസ്‌കൃത ഭാഷ. ഈ അക്ഷയഖനിയെ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനുളള വിജ്ഞാന വ്യാപന ശ്രമങ്ങളാണ് സംസ്‌കൃത സർവകലാശാലയുടെ ദൗത്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ ‘അഷ്ടാദശി പദ്ധതി’യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്‌കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന ‘സംസ്‌കൃത മാതൃകാവിദ്യാലയ പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡോ.ആർ.ബിന്ദു.

വിജ്ഞാന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനെ സർവകലാശാലകൾ സാമൂഹ്യദൗത്യമായി കാണണം. കേരളത്തിന്റെ പുരാതന സംസ്‌കൃത പാരമ്പര്യവും സംസ്‌കാരവും നിലനിർത്തുവാനും സംസ്‌കൃത ഭാഷയെ കൂടുതൽ അറിയുവാനും ‘സംസ്‌കൃത മാതൃകാവിദ്യാലയങ്ങൾ’ പുതിയ തലമുറയ്ക്ക് സഹായകമാകുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.

Top