സനൂപിനെ ഇരുമ്പ് ദണ്ഡുകൊണ്ടും വെട്ടുകത്തികൊണ്ടും ആക്രമിച്ചുവെന്ന് പ്രതികളുടെ ഏറ്റുപറച്ചിൽ

തൃശൂർ : സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ പിടിയിലായ പ്രതികളെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കും. ചിറ്റിലങ്ങാട് സ്വദേശികളായ അലിക്കൽ വീട്ടിൽ സുജയ് കുമാർ, കുഴിപ്പറമ്പിൽ വീട്ടിൽ സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങളാണ് പ്രതികളിൽ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്നത്.

സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് സുജയ്യും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് സുനീഷും പൊലീസിന് മൊഴി നൽകി . തൃശൂർ തണ്ടിലത്ത് വെച്ച് ഇന്നലെയാണ് ഇവരെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ചിറ്റിലങ്ങാട് എത്തിക്കും. നന്ദനെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി. സനൂപിനെ കുത്തിയ ഒന്നാം പ്രതി ചിറ്റിലങ്ങാട് നന്ദൻ കൃത്യം നടത്തിയതിന് ശേഷം കൈകഴുകാനെത്തിയ പുതുകുളം പരിസരത്താണ് തെളിവെടുപ്പ് നടത്തിയത്. സംഭവ സമയത്ത് നന്ദൻ ധരിച്ചിരുന്ന ടീഷർട്ട് കുളത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട നിലയിൽ പൊലീസ് കണ്ടെടുത്തു. ഇവിടുന്ന് ലഭിച്ച രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.

Top