ശബരിമല വലിയ നടപ്പന്തലിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്ക് ഭാഗിക ഇളവ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഭാഗികമായി ഇളവ് നല്‍കി. ഹൈക്കോടതി വിമര്‍ശനം കൂടി കണക്കിലെടുത്താണ് പോലീസിന്റെ തീരുമാനം.

ഐജി വിജയ് സാഖറെ നേരിട്ടെത്തി തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാന്‍ അവരോട് പറയുകയും ചെയ്തു. വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിന് തടസമില്ല. എന്നാല്‍ നടപ്പന്തലില്‍ ഉറങ്ങാന്‍ അനുവദിക്കില്ലെന്നും ഐജി പറഞ്ഞു.

അതേസമയം ഇവിടെ വിരിവയ്ക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവര്‍ക്ക് വിരവച്ച് താമസിക്കാന്‍ സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനായി സഹായം ആവശ്യമുള്ളവര്‍ക്ക് പൊലീസ് സേവനം നല്‍കും.

വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും വിശ്രമിക്കാനുള്ള അവസരം ഇന്നലെ തന്നെ പൊലീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപ്പന്തലില്‍ താല്‍ക്കാലികമായി വിശ്രമിക്കാനും അവസരമൊരുക്കുന്നത്.

നിയന്ത്രണങ്ങള്‍ നീക്കിയതില്‍ സന്തോഷമുണ്ടെന്ന് വി. മുരളീധരന്‍ എംപി പറഞ്ഞു.

Top