സഞ്ജുവിന് സെഞ്ചുറി: അവസാന പന്തിൽ പഞ്ചാബിനോട് പൊരുതി തോറ്റ് രാജസ്ഥാൻ

ചെന്നൈ: ഐപിഎൽ 14ആം സീസണിലെ നാലാം മത്സരത്തിൽ രാജസ്ഥാൻ പൊരുതിത്തോറ്റു. ആവേശം നിറഞ്ഞ മത്സരത്തിൽ 4 റൺസിനാണ് പഞ്ചാബ് വിജയിച്ചത്. ക്യാപ്റ്റനായി സ്ഥാനമേറ്റ ആദ്യ മത്സരത്തിൽ തന്നെ സഞ്ജു ഉജ്ജ്വല സെഞ്ചുറിയുമായി ടീമിനെ നയിച്ചെങ്കിലും വിജയത്തിൽ എത്തിക്കാനായില്ല.

പഞ്ചാബ് ഉയർത്തിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 217 റൺസ്. അവസാന പന്തിൽ വിജയത്തിലേക്ക് അഞ്ച് റൺസ് വേണ്ടിയിരുന്നെങ്കിലും 63 പന്തിൽ 119 റൺസെടുത്ത സഞ്ജു സാംസൺ പുറത്തായതാണ് നിർണായകമായത്.

മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ചരിത്രത്തിന്റെ ഭാഗമായി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സഞ്ജുവിന് സ്വന്തം. 12 ഫോറും ഏഴു സിക്സറുകളും ആണ് സഞ്ജു കരസ്ഥമാക്കിയത്.

ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.

Top