അയര്‍ലൻഡിനെതിരായ പരമ്പരയിൽ സഞ്ജു കീപ്പറാകും; ഏഷ്യാകപ്പിലെത്താൻ തിളങ്ങണം

ഡബ്ലിൻ : 3 മത്സര ട്വന്റി20 പരമ്പരയ്ക്കായി പേസർ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം അയർലൻഡിലെത്തി. പരുക്കുമൂലം ഒന്നര വർഷത്തോളം രാജ്യാന്തര ക്രിക്കറ്റി‍ൽനിന്നു വിട്ടുനിന്ന ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവിന് അയർലൻഡ് വേദിയാകും. ഇന്ത്യൻ യുവതാരനിരയാണ് അയർലൻഡിനെ നേരിടുക.

റിങ്കു സിങ്, ജിതേഷ് ശർമ തുടങ്ങി ഐപിഎലിൽ മികവു തെളിയിച്ച താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളിലേക്കുള്ള അവസാന ‘സിലക്‌ഷൻ ട്രയൽസ്’ കൂടിയാണിത്. ആദ്യ മത്സരം നാളെ രാത്രി 7.30ന് ഡബ്ലിനിലെ ദ് വില്ലേജ് സ്റ്റേഡിയത്തിൽ നടക്കും. 20, 23 തീയതികളിലാണ് മറ്റു മത്സരങ്ങൾ.

ഇഷൻ കിഷനു വിശ്രമം അനുവദിച്ച സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസണും ഐപിഎലിൽ പഞ്ചാബ് കിങ്സിനു വേണ്ടി കളിച്ച ജിതേഷ് ശർമയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ നിറംമങ്ങിയ സഞ്ജുവിന് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അവസരം ഉറപ്പിക്കാൻ ഈ പരമ്പരയിൽ മികവു തെളിയിച്ചേ മതിയാകൂ.

12, 7, 13 എന്നിങ്ങനെയായിരുന്നു വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിന്റെ സ്കോ‍ർ. ജിതേഷ് ശർമയ്ക്ക് രാജ്യാന്തര അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തിയാലും ഫിനിഷർ റോളിൽ ജിതേഷിനെ പരിഗണിക്കാനാണ് സാധ്യത.

Top