‘വിക്കറ്റ് വലിച്ചെറിഞ്ഞതല്ല’; സഞ്ജു സാംസണെ മൂന്നാം മത്സരത്തിലും നിലനിര്‍ത്തും

ജോര്‍ജ്ടൗണ്‍ : വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു മൂന്നാം മത്സരത്തിനുള്ള ടീമില്‍ നിന്ന് പുറത്താക്കിയേക്കില്ല. പകരം സ്ഥാനം മാറ്റി പരീക്ഷിക്കാനും സാധ്യതയേറെയാണ്. ആദ്യ മത്സരത്തില്‍ 12 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം ടി20യില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. അകെയ്ല്‍ ഹുസൈന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സഞ്ജുവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് സഞ്ജു മടങ്ങുന്നത്.

സഞ്ജുവിനെ പുറത്താക്കില്ലെന്ന് പറയുന്നതില്‍ കാരണവുമുണ്ട്. അത് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി ശ്രദ്ധിച്ചാല്‍ മനസിലാവും. 9.3 മൂന്ന് ഓവറില്‍ ഇന്ത്യ മൂന്നിന് 60 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. വേഗത്തില്‍ കുറച്ച് റണ്‍സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ആയിരിക്കണം സഞ്ജുവിനെ അഞ്ചാമതായി ക്രീസിലേക്കയച്ചത്. കഴിഞ്ഞ മത്സരത്തില്‍ ആറാമനായിരുന്നു സഞ്ജു. സ്വതസിദ്ധമായ രീതിയില്‍ അറ്റാക്ക് ചെയ്ത് കളിക്കാനായിരിക്കും ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം.

രണ്ടാം പന്തില്‍ തന്നെ സഞ്ജു ബൗണ്ടറി നേടുകയും ചെയ്തു. തുടര്‍ന്ന് പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു മടങ്ങി. ഹുസൈന്റെ ആദ്യ പന്ത് സഞ്ജു പ്രതിരോധിച്ചു. രണ്ടാം പന്തില്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ സഞ്ജുവിന് പിഴച്ചു. പുരാന്‍ ബെയ്ല്‍സ് ഇളക്കുമ്പോള്‍ സഞ്ജു ചിത്രത്തിലെ ഇല്ലായിരുന്നു. ടീം മാനേജ്‌മെന്റിന്റെ ആവശ്യം നടപ്പിലാക്കാന്‍ സഞ്ജു അഗ്രസീവായി കളിച്ചപ്പോള്‍ പുറത്തായെന്ന് പറയാം. അതുകൊണ്ടുതന്നെ താരത്തെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. മാത്രമല്ല, ടീമില്‍ മറ്റു മധ്യനിര താരങ്ങളില്ലെന്നുള്ളതും സഞ്ജുവിന് ഗുണം ചെയ്‌തേക്കും.

ജോര്‍ജ്ടൗണ്‍, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-0ത്തിന് മുന്നിലെത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

Top