ടീമില്‍ നിന്ന് തഴഞ്ഞു; പ്രതികരണം സ്‌മൈയിലിയിലൊതുക്കി സഞ്ജു സാംസണ്‍

തിരുവനന്തപുരം: വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിനെ പരിഗണിക്കാത്തതിനെതിരെ കടുത്ത പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവെയ്ക്കുന്നത്. എന്നാല്‍ ടീമില്‍ നിന്ന് തഴഞ്ഞതിനു പിന്നാലെ ഫേസ്ബുക്കില്‍ ഒരു സ്മൈലി മാത്രം പോസ്റ്റ് ചെയ്ത് മലയാളി താരം സഞ്ജു വി. സാംസണിന്റെ പ്രതികരണം.

നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലെടുത്തിരുന്നെങ്കിലും മൂന്നു മത്സരങ്ങളിലും സഞ്ജുവിന് കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിന്‍ഡീസ് പരമ്പരയില്‍ നിന്നും താരത്തെ തഴഞ്ഞിരിക്കുന്നത്.

അതേസമയം സഞ്ജുവിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ എണ്ണായിരത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ആയിരത്തോളം കമന്റും ഇരുന്നൂറ്റന്‍പതോളം ഷെയറും ഈ പോസ്റ്റിനു ലഭിച്ചത്.

മലയാളി ആയതുകൊണ്ടാണ് സഞ്ജുവിന് അവസരം ലഭിക്കാത്തതെന്നും ഡല്‍ഹിയിലോ മുംബൈയിലോ മറ്റോ ആയിരുന്നെങ്കില്‍ സഞ്ജു എന്നോ ടീമില്‍ കയറിയിട്ടുണ്ടാകുമെന്നും ആരാധകരുടെ കമന്റുകളിലുണ്ട്. തുടര്‍ച്ചയായി മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിന് വീണ്ടും അവസരം നല്‍കുന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് പല പ്രതികരണങ്ങളും.

എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് സഞ്ജുവിനെ നിര്‍ദ്ദയം ടീമില്‍നിന്ന് പുറത്താക്കിയത്.

Top