ശ്രീശാന്തിന്റെ ‘പാതയിൽ’ ഇനി സഞ്ജുവും ? ക്രിക്കറ്റിൽ പറക്കുന്നത് പകയുടെ ‘പന്തോ’

രു നോക്കു കുത്തിയാക്കി, കൊണ്ടുനടന്ന് അപമാനിക്കുന്നതിലും നല്ലത് സഞ്ജു സാംസണെ ടീമില്‍ നിന്നും പുറത്താക്കുന്നതാണ്. പിറന്ന് വീണ സ്വന്തം മണ്ണില്‍ പോലും കളിക്കാന്‍ അനുമതിയില്ലങ്കില്‍ പിന്നെ എന്തിനാണ് ടീമില്‍ നില്‍ക്കുന്നതെന്നത് സഞ്ജുവും ഇനി ശരിക്കും ആലോചിക്കണം.

വെസ്റ്റിന്‍ഡീസിന് എതിരായ മത്സരത്തില്‍ സകലയിടത്തും ഇന്ത്യന്‍ ടീമിന് പിഴക്കുകയാണുണ്ടായത്. സഞ്ജുവിനു വേണ്ടി മുറവിളി ഉയര്‍ന്ന ഗ്രൗണ്ടില്‍ രോഹിത് ശര്‍മ്മക്ക് പകരക്കാരനായി ഫീല്‍ഡിങ്ങില്‍ മാത്രം ഇറക്കിയാണ് ഈ താരത്തെ ഒതുക്കി കളഞ്ഞിരുന്നത്.

ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം ഒരു ടീം ഗെയിമാണ്. ഉത്തരവാദിത്വം കളത്തിലിറങ്ങുന്ന എല്ലാ കളിക്കാര്‍ക്കും ഒരു പോലെയുമാണ്. എതിര്‍ ടീമിന്റെ പ്രത്യേകത മനസ്സിലാക്കി അതിന് അനുസരിച്ചുള്ള താരങ്ങളെയാണ് ഗ്രൗണ്ടിലിറക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ‘കളിക്കളത്തില്‍’ പലപ്പോഴും അത് പാലിക്കപ്പെടാറില്ല.

കാണികളുടെ രോഷം തണുപ്പിക്കാന്‍ ഫീല്‍ഡില്‍ ആരെ പകരക്കാരനാക്കി ഇറക്കിയാലും അത് കൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാകില്ല.

സഞ്ജുവിനെ നിരന്തരം മാറ്റി നിര്‍ത്തുമ്പോഴും ഹോം ഗ്രൗണ്ടില്‍ ഒരവസരം നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതും ഇപ്പോള്‍ പൊലിഞ്ഞിരിക്കുകയാണ്.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച താല്‍പ്പര്യം ആരുടേതായാലും അത് ഇന്ത്യന്‍ ക്രിക്കറ്റിന് നല്ല സന്ദേശമല്ല നല്‍കുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നും ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സഞ്ജു സാംസണ്‍. കൂടുതല്‍ അവസരം ഈ യുവാവിന് നല്‍കിയാല്‍ അവന്റെ പ്രതിഭയെയാണ് അത് ഉയര്‍ത്തുക.

ശ്രീശാന്ത് മോഡലില്‍ പാതി വഴിയില്‍ ഈ താരത്തിന്റെ ഭാവിയും ആരും തന്നെ കരിച്ചു കളയരുത്.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ഏക മലയാളി താരമാണ് ശ്രീശാന്ത്. 2013 ലെ ഒത്തു കളി വിവാദത്തില്‍ പുറത്തായതോടെ ആ പ്രതിഭയുടെ കരിയറും അതോടെ അവസാനിച്ചു. നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും ശ്രീശാന്തിന് മുന്നില്‍ ബി.സി.സി.ഐ ഇതുവരെയും വാതില്‍ തുറന്നിട്ടില്ല.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബെഞ്ച് പ്ലെയര്‍, ബെസ്റ്റ് പ്ലെയര്‍ ആയിരുന്നിട്ടും സഞ്ജു സാംസണിന് മൈതാനത്തിന് അരികില്‍ കാത്തുനില്‍ക്കാനും, ഇടവേളകളില്‍ താരങ്ങള്‍ക്ക് വെള്ളം എത്തിക്കാനും മാത്രമാണ് കൂടുതലും അവസരം കിട്ടുന്നത്. 2020 ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനായുള്ള ടീമിനെ ഒരുക്കുന്ന തിരക്കിലായതിനാല്‍ സഞ്ജു സാംസന്റെ മികവ് കണ്ടില്ലെന്ന് നടിക്കുകയാണ് ടീം മാനേജ്മെന്റിപ്പോള്‍ ചെയ്യുന്നത്.

വെസ്റ്റിന്‍ഡീസിന് എതിരെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബെഞ്ചില്‍ തന്നെയായിരുന്നു ഈ ചെറുപ്പക്കാരന് ഇരിപ്പിടം. തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനായി കളത്തിലിറങ്ങിയപ്പോള്‍ വന്‍ ഹര്‍ഷാരവമാണ് സ്റ്റേഡിയത്തില്‍ ഉയര്‍ന്നിരുന്നത്. ഈ ആര്‍പ്പുവിളി വിരാട് കോഹ്ലിക്ക് വേണ്ടി ആയിരുന്നില്ലെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെക്ക് പോലും ട്വീറ്റ് ചെയ്യേണ്ടി വന്നു. ‘ഒരു കളിക്കാരന്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ സ്റ്റേഡിയത്തില്‍ വലിയ ആരവം, അത് വിരാട് കോഹ്ലിക്ക് വേണ്ടിയല്ല, സഞ്ജു സാംസണ് വേണ്ടിയായിരുന്നു’, ഭോഗ്ലെ കുറിച്ചിട്ടത് കേരളത്തിലെ കാണികളുടെ ഹൃദയം തന്നെയായിരുന്നു.

ഇന്ത്യന്‍ ടീമിലേക്ക് പലകുറി വിളി വന്ന താരമാണ് സഞ്ജു. അന്തിമ ഇലവനില്‍ ഇടംപിടിക്കാതെ പോകുന്നതും പതിവ് കാര്യം തന്നെയാണ്. 2014-ല്‍ ഇംഗ്ലണ്ടിന് എതിരായ 5 ഏകദിനങ്ങള്‍ക്കും, ഒരു ടി20 മത്സരത്തിനുമുള്ള ടീമിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുത്തത് മുതല്‍ ഇന്ന് 2019 വരെ ഈ സ്ഥിതിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആദ്യ ഘട്ടത്തില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായി പിന്നില്‍ നിന്ന സഞ്ജുവിന് ഇപ്പോള്‍ നേരിടേണ്ടത് ഋഷഭ് പന്ത് എന്ന എതിരാളിയെയാണ്. ദേശീയ ടീമില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും തിളങ്ങാന്‍ കഴിയാതെ പോയ ഈ താരത്തെ നന്നാക്കാന്‍ വേണ്ടി സഞ്ജുവിനെ പിന്നില്‍ നിര്‍ത്തുകയാണ് ടീം മാനേജ്മെന്റിപ്പോള്‍ ചെയ്യുന്നത്. ഋഷഭ് പന്താകട്ടെ ഒന്നാന്തരം ഒരു ക്യാച്ചിനുള്ള അവസരമാണ് കേരളത്തിലെ കഴിഞ്ഞ മത്സരത്തില്‍ കൈവിട്ടിരിക്കുന്നത്.

2014ല്‍ ഇന്ത്യ എടീമില്‍ കളിച്ച സഞ്ജു സാംസണ്‍ ടീമിന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടി കൊടുത്ത താരം കൂടിയാണ്. ഇന്ത്യയുടെ ഭാവിയെന്ന് കോച്ച് അഭയ് ശര്‍മ്മ വിശേഷിപ്പിച്ച ഈ താരത്തിന് ഇന്നും മറ്റുള്ളവരുടെ ഭാവിയുടെ പേരില്‍ അവഗണന മാത്രമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഏതെങ്കിലും ലോബികളിലോ, ഇതിന്റെ ഭാഗമായ ടീമുകളിലോ ഇടംപിടിച്ചത് കൊണ്ടല്ല, മറിച്ച് സ്വന്തം കഴിവ് തെളിയിച്ച് തന്നെയാണ് സഞ്ജു ഓരോ വട്ടവും ഇന്ത്യന്‍ ടീമിലേക്ക് ഇംടനേടിയിരുന്നത്. ഈ വര്‍ഷം സൗത്ത് ആഫ്രിക്ക എ ടീമിന് എതിരെ നടന്ന മത്സരങ്ങളിലെ അവസാന മാച്ചില്‍ 48 പന്തില്‍ 91 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയുടെ വിജയശില്‍പ്പിയാകാനും സഞ്ജുവിന് സാധിച്ചിരുന്നു. ഈ വര്‍ഷം തന്നെ വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ 129 പന്തില്‍ 212 റണ്‍സുകൂടി അടിച്ചതോടെ മറ്റ് വഴികളില്ലാതെയാണ് സെലക്ടര്‍മാര്‍ സഞ്ജുസാംസണിനെ ടീമിലേക്ക് വിളിക്കാന്‍ നിര്‍ബന്ധിതരായിരുന്നത്.

എന്നാല്‍ ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിലും ഋഷഭ് പന്തിന് തന്നെയാണ് മുന്‍ഗണനയെന്ന് സെലക്ടര്‍മാര്‍ മുതല്‍ ബിസിസിഐ വരെ ആവര്‍ത്തിക്കുമ്പോള്‍ സഞ്ജുവിന് ബെഞ്ചില്‍ തന്നെ ഒതുങ്ങേണ്ടി വരാനാണ് സാധ്യത. സ്വയംപ്രഖ്യാപിത ലീവിലുള്ള ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയും ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്താന്‍ പോവുകയാണ്. ഇതോടെ ധോണിക്കും, ഋഷഭിനും പിന്നില്‍ മൂന്നാം കീപ്പറായി സഞ്ജു ടീമില്‍ ഇടംപിടിക്കുമോയെന്ന കാര്യത്തില്‍പോലും ഒരുറപ്പുമില്ല. ഉപജാപക കേന്ദ്രങ്ങളുടെയും സ്വാര്‍ത്ഥ താല്‍പ്പര്യക്കാരുടെയും വിഹാരകേന്ദ്രത്തില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിട്ടും കാര്യമില്ല. ഇത്തരക്കാരാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കായിക ലോകത്തിന്റെ തന്നെ പ്രധാന ശത്രുക്കള്‍.

Staff Reporter

Top