കെ എല്‍ രാഹുല്‍ തിരിച്ചെത്തി; ഏഷ്യാ കപ്പ് ഇന്ത്യന്‍ സംഘത്തില്‍ നിന്ന് സഞ്ജു സാംസണ്‍ മടങ്ങി

കൊളംബൊ: ഏഷ്യാ കപ്പ് കളിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍നിന്ന് സഞ്ജു സാംസണ്‍ മടങ്ങി. പരിക്ക് മാറി. ഫിറ്റ്‌നസ് വീണ്ടെടുത്ത കെ എല്‍ രാഹുല്‍ തിരിച്ച് എത്തിയതോടെയാണിത്. രാഹുല്‍ ഉള്‍പ്പെടെ 17 അംഗ ടീമിനെയാണ് ഏഷ്യാ കപ്പിനായി ഇന്ത്യ തീരുമാനിച്ചത്. രാഹുലിന്റെ ഫിറ്റ്‌നസില്‍ ആശങ്കയുണ്ടായിരുന്നതിനാലാണ് സഞ്ജുവിനെ ബാക്ക് അപ്പ് പ്ലെയറായി ശ്രീലങ്കയിലേക്ക് അയച്ചത്. നാളെ പാകിസ്ഥാനെതിരായ മത്സരത്തില്‍ രാഹുല്‍ കളിച്ചേക്കും. ഇഷാന്‍ കിഷന് സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. ഏകദിന ലോകകപ്പിനുള്ള ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞ ദിവസം രാഹുല്‍ ദീര്‍ഘനേരം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ കീപ്പിംഗ് പരിശീലനം അദ്ദേഹം നടത്തിയിരുന്നില്ല. മാച്ച് ഫിറ്റ്‌നെസ് വീണ്ടെടുത്തുവെന്ന് ടീം മാനേജ്‌മെന്റും വിലയിരുത്തി. താരം പൂര്‍ണ കായികക്ഷമത കൈവരിച്ചുവെന്ന് തെളിഞ്ഞതോടെ സഞ്ജുവിനെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. സഞ്ജുവിന് പകരം ഇഷാന്‍ കിഷനാണ് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചത്. ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവും പരിക്കല്‍ നിന്ന് മോചിതനായെത്തിയ ശ്രേയസ് അയ്യരും ലോകകപ്പിനുള്ള ടീമിലിടം നേടിയിരുന്നു.

കഴിഞ്ഞ ദിവസം സൂര്യകുമാറിനെ ടീമിലെടുത്തതിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഏകദിന ജേഴ്‌സിയില്‍ ഇതുവരെ 26 ഏകദിനങ്ങള്‍ കളിച്ചങ്കിലും രണ്ട് അര്‍ധസെഞ്ചുറി മാത്രമാണ് സൂര്യകുമാറിന് നേടാനായത്. ബാറ്റിംഗ് ശരാശരി 24 മാത്രമാണ്. എന്നാല്‍ ബാറ്റിംഗ് നിരയില്‍ അഞ്ചാമതോ ആറാമതോ ഇറങ്ങി സൂര്യകുമാര്‍ ചെയ്യുന്ന കാര്യം വിരാട് കോലിക്കോ രോഹിത് ശര്‍മക്കോ സഞ്ജു സാംസണോ ചെയ്യാനാവില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

മുമ്പ് ഇന്ത്യക്കായി യുവരാജ് സിംഗും എം എസ് ധോണിയും ചെയ്തിരുന്നത് എന്താണോ അതാണ് സൂര്യകുമാര്‍ ചെയ്യാന്‍ പോകുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഞാനായിരുന്നു തീരുമാനമെടുക്കുന്നതെങ്കില്‍ തീര്‍ച്ചയായും സൂര്യകുമാറിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Top