കീലേരി അച്ചുവായി ചഹല്‍; കൂട്ടിന് സഞ്ജുവും; വീഡിയോ വൈറല്‍

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് തഗ് വീഡിയോയുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലും. ‘എന്നോട് കളിക്കാന്‍ ധൈര്യമുണ്ടേല്‍ വാടാ… എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ’ എന്ന മാമുക്കോയയുടെ വിഖ്യാതമായ സിനിമാ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോയില്‍ സഞ്ജുവും ചാഹലും പ്രത്യക്ഷപ്പെടുന്നത്. ‘കീലോരി ചഹല്‍ ടൗണില്‍’ എന്ന തലക്കെട്ടോടെയാണ് സഞ്ജു സാംസണ്‍ റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്. റീല്‍സ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം സംഭവം ആരാധകര്‍ ഏറ്റെടുത്ത് വൈറലായി. വീഡിയോ കണ്ട് ചഹലിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകര്‍.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നിര്‍ണായക താരങ്ങളാണ് സഞ്ജു സാംസണും യുസ്‌വേന്ദ്ര ചഹലും. കഴിഞ്ഞ തവണ ടീമിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനായ സഞ്ജു 17 മത്സരങ്ങളില്‍ 458 റണ്‍സ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണത്തെ പര്‍പ്പിള്‍ ക്യാപ് വിന്നറാണ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ഐപിഎല്‍ 2022 സീസണില്‍ 27 വിക്കറ്റാണ് ചാഹല്‍ വീഴ്‌ത്തിയത്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇരുവര്‍ക്കും ഐപിഎല്‍ 16-ാം സീസണിലെ പ്രകടനം നിര്‍ണായകമാണ്.

Top