തോൽവിക്ക് പിന്നാലെ സഞ്ജുവിന് വീണ്ടും 24 ലക്ഷം രൂപ പിഴ; തെറ്റാവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷ!

അബുദാബി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന് കനത്ത പിഴ. ഇത്തവണ 24 ലക്ഷം രൂപയാണ് സഞ്ജു പിഴയായി കൊടുക്കേണ്ടത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ഐപിഎല്‍ അധികൃതര്‍ സഞ്ജുവിന് പിഴയിട്ടിരുന്നു. അന്ന് 12 ലക്ഷം രൂപയാണ് പിഴയിട്ടത്. ഈ സീസണില്‍ ഒരിക്കല്‍ക്കൂടി സമാനമായ കുറ്റത്തിനു പിടിക്കപ്പെട്ടാല്‍ ഐപിഎല്‍ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മത്സരത്തില്‍നിന്ന് വിലക്കുമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

പഞ്ചാബിനെതിരെ അവസാന നിമിഷം അവിശ്വസനീയ വിജയം നേടിയതിന്റെ ആഹ്ലാദത്തിനിടെയാണ് 12 ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചതെങ്കില്‍, ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മത്സരം തോറ്റതിന്റെ വിഷമത്തിനിടെയാണ് ഇരട്ടി തുക പിഴയായി ഒടുക്കേണ്ടിവന്നത്. ടീമിലെ മറ്റ് അംഗങ്ങള്‍ക്കും കനത്ത തുക പിഴയിട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേയിങ് ഇലവനിലെ ബാക്കി 10 താരങ്ങളും ആറു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഇവരുടെ മാച്ച് ഫീയുടെ 25 ശതമാനം ആറു ലക്ഷത്തില്‍ കുറവാണെങ്കില്‍ ആ തുക പിഴയയി അടച്ചാല്‍ മതി.

‘ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് 14-ാം സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് കുറഞ്ഞ ഓവര്‍നിരക്കിന് പിടിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ നിയമപ്രകാരം ടീം നായകന്‍ സഞ്ജു സാംസണില്‍നിന്ന് 24 ലക്ഷം രൂപ പിഴയായി ഈടാക്കും. ടീമിലെ മറ്റ് അംഗങ്ങളില്‍നിന്ന് ആറു ലക്ഷം രൂപയോ, അല്ലെങ്കില്‍ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുകയും ഈടാക്കും’ – ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി.

Top