അദാനി പൊട്ടാൻ പോകുകയാണ്’; വൈറലായി സഞ്ജീവ് ഭട്ടിന്റെ അഞ്ച് വർഷം മുമ്പത്തെ ട്വീറ്റ്

ഡൽഹി: അദാനി ഗ്രൂപ്പ് ഓഹരിവിപണിയിൽ കനത്ത തകർച്ച നേരിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മോദി വിമർശകനായ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിന്റെ അഞ്ച് വർഷം മുമ്പുള്ള ട്വീറ്റ്. അദാനി എന്ന ടൈംബോംബ് പൊട്ടാൻ പോവുകയാണെന്നും തന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂവെന്നുമാണ് അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നത്. നിലവിൽ, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോദി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്നതുൾപ്പെടെ വിവിധ കേസുകൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണ് സഞ്ജീവ് ഭട്ട്.

‘എന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂ -അദാനി ടൈംബോംബ് ടിക് ടിക് അടിക്കാൻ തുടങ്ങിയിരിക്കുന്നു. അദാനി എന്ന ടൈംബോംബ് പൊട്ടുമ്പോൾ, അത് നീരവ് മോദി ഉൾപ്പെടെയുള്ള തട്ടിപ്പുകാരെ നിസാര തെരുവുഗുണ്ടകളാക്കി മാറ്റും’ -2018 ഫെബ്രുവരിയിൽ സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തു. വൻ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുൾപ്പെടെ നടത്തിയ തട്ടിപ്പിനെക്കാൾ ഏറെ വലുതാണ് അദാനിയുടെത് എന്നാണ് ഭട്ട് ചൂണ്ടിക്കാട്ടിയത്.

അതേസമയം, ഒന്നിന് പിറകെ ഒന്നായി കനത്ത തിരിച്ചടികളാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിക്ക് സംഭവിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലെ ഓഹരികളെല്ലാം വൻ ഇടിവ് നേരിട്ടു. ഇതോടെ, ആഗോള ധനകാര്യ സ്ഥാപനങ്ങൾ പലതും റേറ്റിങ് താഴ്ത്തുകയും അദാനിയുടെ ഓഹരികളിൽ വായ്പ നൽകുന്നത് നിർത്തുകയും ചെയ്തിരുന്നു. ഓഹരി വിലയിൽ വൻ കൃത്രിമം നടത്തിയെന്ന ആരോപണത്തിൽ കേന്ദ്ര സർക്കാറും അന്വേഷണത്തിന് ഒരുങ്ങുകയാണ്.

Top