ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസ്; ഒരാള്‍ കൂടി പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരുള്‍പ്പെടെ ആകെ പിടിയിലായവരുടെ എണ്ണം ആറായി.

കൊലപാതകം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന ആരോപണങ്ങള്‍ക്കിടെ പൊലീസ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് അടക്കം പുറത്തിറക്കിയിരുന്നു. കൊലപാതകത്തിന് ആയുധങ്ങള്‍ തയ്യാറാക്കി നല്‍കിയ പ്രതി നസീറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

കഴിഞ്ഞമാസം പതിനഞ്ചിനാണ് ഭാര്യയുടെ മുന്നില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് ആയിരുന്നു സഞ്ജിത്. കാറിലെത്തിയ അഞ്ചംഗ അക്രമി സംഘമാണ് കൊലപാതകം നടത്തിയത്. കിണാശേരി മമ്പ്രത്ത് വെച്ചായിരുന്നു സംഭവം.

Top