സഞ്ജിത്ത് വധം; പ്രതികളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കാന്‍ പൊലീസ്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കാനൊരുങ്ങി പൊലീസ്. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടിസിറക്കുന്നത്.

ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ സഹായിക്കുന്നവരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ പൊലീസ് നടപടി തുടങ്ങി.

സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നിലവിലെ ലോക്കല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ 15നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരെയാണ് പിടികൂടിയത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ അടക്കം അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

Top