ആശുപത്രി വിട്ട റാവത്ത് ആദ്യം പറഞ്ഞത് ശുഭവാര്‍ത്ത; ‘മഹാരാഷ്ട്ര ഭരിക്കുക ശിവസേന തന്നെ’

മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആശുപത്രിവിട്ടു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍നിന്ന് പുറത്തേക്കിറങ്ങവെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുമെന്ന വാര്‍ത്തയാണ് പുറത്ത് വിട്ടത്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ശിവസേനയില്‍നിന്ന് തന്നെയാവുമെന്ന് അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് റാവത്ത് ആശുപത്രിയിലായത്.

നിര്‍ണായകമായ ദിവസങ്ങളില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നിരവധി നേതാക്കള്‍ സഞ്ജയ് റാവത്തിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിക്കുകയും രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സുപ്രിയ സുലേ എം.പി, സേനാ തലവന്‍ ഉദ്ധവ് താക്കറെ തുടങ്ങിയവരാണ് റാവത്തിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയത്.

ശിവസേനാ മുഖപത്രം സാംനയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍കൂടിയാണ് റാവത്ത്. സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ അദ്ദേഹം എല്ലാ ദിവസവും മാധ്യമങ്ങളെ അറിയിച്ചിരുന്നു. തിരക്കേറിയ നീക്കങ്ങക്കിടെയാണ് മുതിര്‍ന്ന നേതാവ് ആശുപത്രിയിലായത്.

Top