‘മഹാരാഷ്ട്ര ആവര്‍ത്തിക്കും’, ഗോവയിലും അത്ഭുതം സംഭവിക്കുമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഇനി രാഷ്ട്രീയ അത്ഭുതം നടക്കാന്‍ പോകുന്നത് ഗോവയിലാണെന്ന മുന്നറിയിപ്പുമായി ശിവസേന. ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കുകയാണെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. വൈകാതെ ഒരു അത്ഭുതം, മിക്കവാറും ഒരും രാഷ്ട്രീയ ഭൂകമ്പം തന്നെ നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയെയും മൂന്ന് എംഎല്‍എമാരെയും മുംബൈയിലേക്കു വിളിച്ച് ഗോവയിലെ രാഷ്ട്രീയ സാഹചര്യം റാവത്ത് വിലയിരുത്തിയിരുന്നു.

ഗോവ ഭരിക്കുന്ന ബിജെപിയെ പുറത്തു നിന്നും പിന്തുണയ്ക്കുന്നതില്‍ മൂന്ന് ജിഎഫ്പി എംഎല്‍എ മാരും ഒരു സ്വതന്ത്രനും ഉണ്ട്. നാലു പേരും ശിവസേനയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇതിനൊപ്പം മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി നേതാവ് സുധിന്‍ ദാവ്ലിക്കര്‍, ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് ചില എംഎല്‍എമാര്‍ എന്നിവരെല്ലാം ശിവസേനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു. ഗോവ സര്‍ക്കാരിന് ധാര്‍മ്മികത നഷ്ടമായിരിക്കുന്നു. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപി ഇതരരുടെ മുന്നണി ഉണ്ടാക്കുകയാണ്.

ഗോവയില്‍ അനധികൃതമായാണ് സര്‍ക്കാര്‍ രൂപികരിച്ചതെന്നും ചില പാര്‍ട്ടികളുമായി ചേര്‍ന്ന് മറ്റൊരു സഖ്യം രൂപീകരിക്കാനാണ് പദ്ധതിയെന്നും ഗോവയില്‍ ഉടനൊരു അത്ഭുതം പ്രതീക്ഷിക്കാമെന്നും സഞ്ജയ് മുന്നറിയിപ്പു നല്‍കി. കോണ്‍ഗ്രസും സഖ്യത്തിലുണ്ടാകുമെന്നാണ് സൂചന.

“ബിജെപി വിരുദ്ധ ചേരി മറ്റ് സംസ്ഥാനങ്ങളിലും ശാക്തികചേരിയായി മാറും. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗോവ. അതിന് ശേഷം മറ്റ് സംസ്ഥാനങ്ങള്‍. അങ്ങനെ ഇന്ത്യ മുഴുവന്‍ ഒരു ബിജെപി വിരുദ്ധ മഹാ രാഷ്ട്രീയ മുന്നണിയുണ്ടാക്കും”-സഞ്ജയ് റാവത്ത് പറഞ്ഞു.

Top