സത്യപ്രതിജ്ഞ ആരുടെയും കുത്തകയല്ല, അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന്: സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുമ്പോള്‍ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.

മഹാരാഷ്ട്ര രാഷ്ട്രീയവും രാഷ്ട്രീയസമവാക്യവും മാറുകയാണ്. നിങ്ങള്‍ക്ക് അത് കാണാം. ഈ ബഹളം ഒരു നാടകമായി കാണണ്ട. നീതിക്കും അവകാശത്തിനുമായുള്ള പോരാട്ടത്തില്‍ വിജയം ഞങ്ങളുടേത് തന്നെയായിരിക്കും-റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കുക സംസ്ഥാനത്ത് തന്നെയായിരിക്കും. സത്യപ്രതിജ്ഞ ആരുടെയും കുത്തകയല്ലെന്ന് പറഞ്ഞ റാവത്ത് സത്യപ്രതിജ്ഞ വൈകാതെയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്രയില്‍ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുടെ ബിജെപി, ശിവസേന തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റുമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്ക്ക് 56 സീറ്റുണ്ട്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമുണ്ട്.

ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസ്ഥാനങ്ങള്‍ തുല്യമായും പങ്കിടാം എന്നതാണ് ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെയാണ് ശിവസേന. നിലവില്‍ തങ്ങള്‍ക്ക് 175 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ശിവസേനയുടെ അവകാശവാദം.

Top