മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ ‘ഓപ്പറേഷന്‍ താമര’ ഫലം കണ്ടില്ല; സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര ഫലം കണ്ടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര നടപ്പിലാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തിനാണ് ഓപ്പറേഷന്‍ താമരയുടെ ആവശ്യമെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച ഗവര്‍ണറെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, അജിത് പവാറിനൊപ്പമുള്ള എംഎല്‍എമാരെ നാല് എംഎല്‍എമാരെ എന്‍സിപി സ്വന്തം പാളയത്തിലെത്തിച്ചു.അനില്‍ പാട്ടീല്‍, ബാബാസാഹിബ് പാട്ടീല്‍, ദൗലത്ത് ദരോഡ,നര്‍ഹരി സിര്‍വര്‍ എന്നിവരാണ് ഇന്നും ഇന്നലെയുമായി പാര്‍ട്ടി ക്യാമ്പില്‍ തിരിച്ചെത്തിയത്. എന്‍സിപി വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് സോണിയ ദൂഹനും, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ധീരജ് ശര്‍മ്മയും ചേര്‍ന്നാണ് അജിത് പവാറിനൊപ്പം പോയ ദൗലത് ദരോദ, അനില്‍ പാട്ടീല്‍ എന്നീ എംഎല്‍എമാരെയാണ് ഇന്ന് മുംബൈയില്‍ തിരികെയെത്തിച്ചത്.ഇതോടെ 54 എംഎല്‍എമാരില്‍ 53 പേരും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ അവകാശവാദം.

ഇനി പിംപ്രി എംഎല്‍എ അണ്ണാ ബന്‍സോഡെ മാത്രമാണ് അജിത് പവാറിനൊപ്പം ഉള്ളതെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്. ഡല്‍ഹിയില്‍ തങ്ങുന്ന മറ്റൊരു എംഎല്‍എ നര്‍ഹരി സിര്‍വാള്‍ തങ്ങള്‍ക്കൊപ്പമാണെന്നും എന്‍സിപി അവകാശപ്പെടുന്നു. ഇരുവരെയും ഉടന്‍ തിരിച്ചെത്തിക്കുമെന്നാണ് എന്‍സിപി ക്യാംപ് പറയുന്നത്

Top