രാഹുല്‍ നേതൃത്വം ഏറ്റെടുക്കണം; സന്ദീപ് ദീക്ഷിത്തിനെതിരെ ആഞ്ഞടിച്ച് സഞ്ജയ് നിരുപം

മുംബൈ: കോണ്‍ഗ്രസ് നേതൃത്വ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി കടന്നു വരണമെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് നിരുപം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്നാണ് സഞ്ജയ് നിരുപം പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ് മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുക്കാന്‍ രാഹുലിനെ പ്രേരിപ്പിക്കണമെന്നും നിരുപം പറഞ്ഞു. മക്കള്‍ രാഷ്ട്രീയം ഇന്ത്യയില്‍ പുതുമയുള്ളതല്ലെന്നും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, എന്നിവിടങ്ങളിലും മക്കള്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്തിനെതിരെയാണ് ഈ പ്രസ്താവനയുമായി സഞ്ജയ് നിരുപം രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി ഒഴികെയുള്ളവര്‍ കടന്നു വരണമെന്ന് സന്ദീപ് ദീക്ഷിത് നേരത്തേ പറഞ്ഞിരുന്നു. സന്ദീപ് ദീക്ഷിത്തിനെപോലെയുള്ളവര്‍ പല ഗ്രൂപ്പുകളുടെയും ഭാഗമാണെന്നും ഇവര്‍ക്ക് നേത്യത്വം നല്‍കിയാല്‍ കോണ്‍ഗ്രസിന്റെ നാശത്തിന് ഇടവരുത്തുമെന്നും സഞ്ജയ് നിരുപം ആഞ്ഞടിച്ചു.

Top