സഞ്ജയ് മഞ്ജരേക്കര്‍ ഇത്തവണ ഐപിഎല്‍ കമന്ററി ബോക്‌സില്‍ ഉണ്ടാകില്ല

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കമന്ററി ബോക്‌സില്‍ ഇക്കുറി സഞ്ജയ് മഞ്ജരേക്കര്‍ ഉണ്ടാവില്ല. ഇംഗ്ലീഷ്, ഹിന്ദി കമന്ററി പാനല്‍ അംഗങ്ങളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ മഞ്ജരേക്കറെ ഒഴിവാക്കിയതായി തെളിഞ്ഞത്.

ഇംഗ്ലീഷില്‍ സുനില്‍ ഗാവസ്‌കര്‍, ഹര്‍ഷ ഭോഗ്‌ലെ, കുമാര്‍ സങ്കക്കാര, ഇയാന്‍ ബിഷപ്, ലിസ സ്തലേക്കര്‍, ഡാനി മോറിസണ്‍ തുടങ്ങിയവര്‍ കമന്ററി ബോക്‌സിലുണ്ടാവും. ഇര്‍ഫാന്‍ പഠാന്‍, ആശിഷ് നെഹ്‌റ, ജതിന്‍ സപ്രു, നിഖില്‍ ചോപ്ര, സഞ്ജയ് ബംഗാര്‍ തുടങ്ങിയവര്‍ ഹിന്ദിയിലും കളി പറയും. 2008ല്‍ ഐപിഎല്ലിന്റെ തുടക്കം മുതല്‍ കമന്റേറ്ററായിരുന്നു മഞ്ജരേക്കര്‍.

ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് കമന്ററി പാനലില്‍ നിന്ന് മഞ്ജരേക്കറെ ഒഴിവാക്കുന്നതിലേക്ക് ബിസിസിഐയെ നയിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്ന് ബിസിസിഐ നീക്കിയത്. തുടര്‍ന്ന് മഞ്ജരേക്കര്‍ ജഡേജയോടും ഭോഗ്ലെയോടും മാപ്പ് അപേക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം അദ്ദേഹം വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് രണ്ട് തവണ മെയില്‍ അയച്ചു. ഐപിഎല്‍ 13ആം സീസണിലെ കമന്ററി പാനലില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നായിരുന്നു മഞ്ജരേക്കറുടെ അഭ്യര്‍ത്ഥന. ബിസിസിഐയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും കഴിഞ്ഞ് പോയതില്‍ മാപ്പ് നല്‍കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

Top