സഞ്ജയ് കുമാര്‍ സിംഗിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായി സഞ്ജയ് കുമാര്‍ സിംഗിനെ തിരഞ്ഞെടുത്തു. 47-ല്‍ 40 വോട്ടുകളാണ് സഞ്ജയ് കുമാര്‍ നേടിയത്. മുന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ അടുത്ത സഹായിയാണ് സഞ്ജയ് കുമാര്‍. ഉത്തര്‍പ്രദേശ് റെസ്ലിങ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് സഞ്ജയ് കുമാര്‍. ബ്രിജ് ഭൂഷണ്‍ അനുകൂല പാനലിലെ എല്ലാവരും വിജയിച്ചു.

അധ്യക്ഷന്‍, ട്രഷറര്‍, സെക്രട്ടറി ജനറല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് തുടങ്ങി 15 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവ് അനിത ഷിയോറനും സഞ്ജയ് സിങ്ങും തമ്മിലായിരുന്നു റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം. ബ്രിജ് ഭൂഷണിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് ഭരണസമിതിയില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നത്.

ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണിനെതിരെ ജന്തര്‍ മന്തറില്‍ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്നു. ബ്രിജ് ഭൂഷണിന്റെ കുടുംബാംഗങ്ങളെയോ സഹപ്രവര്‍ത്തകരെയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

Top