സഞ്ജയ്ദത്തിനോടുള്ള ആരാധന; സ്വത്തുക്കള്‍ നടന്റെ പേരിലെഴുതിവെച്ച് ആരാധിക

sanjay

മുംബൈ: താരങ്ങളോട് കടുത്ത ആരാധനയുള്ള പലരേയും നമ്മള്‍ കണ്ടിട്ടുണ്ട്. ഒന്നു കാണാന്‍ ഒന്നു തൊടാന്‍, ഒരുമിച്ച് നിന്നൊരു സെല്‍ഫി..എന്നാല്‍ ഇതിനേക്കാള്‍ ആരാധന കടുത്താലോ….മരിക്കുന്നതിന് മുമ്പ് തന്റെ പേരിലുള്ള മുഴുവന്‍ സ്വത്തും ബോളിവുഡിലെ സൂപ്പര്‍താരമായ സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവെച്ചിരിക്കുകയാണ് ഒരു ആരാധിക.

മുംബൈയിലെ മലബാര്‍ ഹില്‍ താമസക്കാരിയായ നിഷി ഹരീഷ്ചന്ദ്ര ത്രിപതി (62) ആണ് തന്റെ കുടുംബം പോലും അറിയാതെ തന്റെ പേരിലുണ്ടായിരുന്നതെല്ലാം നടന്റെ പേരില്‍ എഴുതിവച്ചത്. ജനുവരി 29 ന് പൊലീസാണ് ഈ വിവരം സഞ്ജയ് ദത്തിനെ അറിയിച്ചത്.

വാക്‌ഷേവറിലെ ബാങ്ക് ഓഫ് ബറോഡയില്‍ തന്റെ പേരിലുളള മുഴുവന്‍ പണവും ബാങ്ക് ലോക്കറും നടന് കൈമാറണമെന്നായിരുന്നു നിഷി ബാങ്കിന് എഴുതി നല്‍കിയത്. തനിക്കുളളതെല്ലാം നടന് നല്‍കണമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്.

‘മക്കള്‍ക്ക് ഇഷ്ടപ്പെട്ട താരത്തിന്റെ പേരിടുന്നതും പുറത്തെവിടെയെങ്കിലും വച്ച് ഞങ്ങളെ കണ്ടാല്‍ വിടാതെ പിന്തുടരുന്നതും ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും അറിയാവുന്ന കാര്യമാണ്. പക്ഷേ ഇതെന്നെ ശരിക്കും ഞെട്ടിച്ചു. എനിക്ക് ഒന്നും വേണ്ട. നിഷിയെ എനിക്ക് അറിയില്ല. പക്ഷേ അവര്‍ക്ക് എന്നോടുണ്ടായിരുന്ന സ്‌നേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ വികാരാധീനനാവുകയാണ്’, സഞ്ജയ് ദത്ത് പറഞ്ഞു. തന്റെ പേരില്‍ എഴുതിവച്ച മുഴുവന്‍ സ്വത്തും നിഷിയുടെ കുടുംബത്തിന് സഞ്ജയ് ദത്ത് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുഭാഷ് ജാദവ് അറിയിച്ചു.

ജനുവരി 15 നാണ് നിഷി മരിക്കുന്നത്. മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്‌മെന്റില്‍ കുടുംബത്തിനൊപ്പമായിരുന്നു നിഷി താമസിച്ചിരുന്നത്. നിഷിയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് സ്വത്തുക്കള്‍ മുഴുവന്‍ സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവച്ചുവെന്ന് വീട്ടുകാര്‍ അറിയുന്നത്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ബാങ്കിലെത്തിയ നിഷി നോമിനിയായി സഞ്ജയ് ദത്തിന്റെ പേര് എഴുതി നല്‍കുകയായിരുന്നു വെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്. പാലി ഹില്ലിലെ സഞ്ജയ് ദത്തിന്റെ വീടിന്റെ അഡ്രസ്സാണ് ബാങ്കില്‍ നല്‍കിയത്.

ബാങ്കില്‍ നല്‍കിയ കത്തില്‍ പണവും ബാങ്ക് ലോക്കറിലെ സാധനങ്ങളെയും കൂടാതെ മറ്റു വിലപിടിപ്പുളള വസ്തുക്കളും സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതി വച്ചതായാണ് വിവരം. അതേസമയം, ബാങ്ക് ലോക്കറിലുളളത് എന്താണെന്ന് അറിയില്ല. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാനുളളതിനാല്‍ ലോക്കര്‍ ഇതുവരെ തുറക്കാനും കഴിഞ്ഞിട്ടില്ല.

Top