സഞ്ജയ് നിരുപമിന്റെ അനുയായികള്‍ക്കെതിരേ ആരോപണവുമായി ഊര്‍മിള മാതോണ്ഡ്കര്‍

മുംബൈ: മുതിര്‍ന്ന നേതാവും മുംബൈ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ സഞ്ജയ് നിരുപമിന്റെ അനുയായികള്‍ക്കെതിരേ ആരോപണവുമായി ഊര്‍മിള മാതോണ്ഡ്കര്‍ രംഗത്ത്. സന്ദേശ് കോന്ദ്വില്‍ക്കര്‍, ഭൂഷണ്‍ പാട്ടില്‍ എന്നിവര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടിയും കോണ്‍ഗ്രസ് അംഗവുമായ ഊര്‍മിള കോണ്‍ഗ്രസ് നേതൃത്വത്തിന് എഴുതിയ കത്താണു പുറത്തായിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് മേയ് 16-ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റയ്ക്ക് ഊര്‍മിള എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. പ്രദേശികതലത്തില്‍ പാര്‍ട്ടിക്കു സംഭവിച്ച വീഴ്ചകളെ സംബന്ധിച്ചും സംഘാടകരായിരുന്ന സന്ദേശ് കോന്ദ്വില്‍ക്കര്‍, ഭൂഷണ്‍ പാട്ടില്‍ എന്നിവര്‍ കാണിച്ച വിഭാഗീയതയെ ചൂണ്ടിക്കാണിച്ചുമാണ് കത്ത്.

സംഘാടനം, സത്യസന്ധത, കാര്യശേഷി എന്നിവയില്‍ ഇരുവരും വിട്ടുവീഴ്ച ചെയ്തതിനെ തുടര്‍ന്ന് ഫലം പ്രതികൂലമാകുമെന്ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് എഴുതിയ കത്തില്‍ ഊര്‍മിള പറയുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശരത് പവാറും ഒന്നിച്ചു നടത്തിയ ബോറിവല്ലിയിലെ തെരഞ്ഞടുപ്പ് യോഗം ദുരന്തമായിരുന്നെന്നും തനിക്കു തന്നെ നാണക്കേടു തോന്നിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക നേതൃത്വമാണ് പ്രചരണത്തിനിടെ തടസങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചതെന്നും പല നേതാക്കള്‍ക്കും രാഷ്ട്രീയ പക്വതയും അച്ചടക്കവും ഇല്ലെന്നും താരത്തിന്റെ കത്തിലുണ്ട്. പ്രചാരണത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ ചില പ്രവര്‍ത്തകര്‍ അസമയത്തു കുടുംബാംഗങ്ങളെ വിളിച്ചിരുന്നതായും ഊര്‍മിള ആരോപിക്കുന്നു.

മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഊര്‍മിള കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോടു 4,65,000 വോട്ടുകള്‍ക്കാണ് ഊര്‍മിള പരാജയപ്പെട്ടത്. അതേസമയം മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മിലിന്ദ് ദേവ്‌റ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Top