നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരവിനൊരുങ്ങി സാനിയ മിര്‍സ

ഹൈദരാബാദ്: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കോര്‍ട്ടിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങി സാനിയാ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ചൈന ഒപ്പണില്‍ 2017 ഒക്ടോബറിലായിരുന്നു സൈന അവസാനമായി കളിച്ചത്. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം കുഞ്ഞിന് ജന്മം നല്‍കി. ഇനി വിശ്രമമില്ല വൈകാതെ തന്നെ പരിശീലനം പുനരാരംഭിക്കനാകുമെന്നാണ് സാനിയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ ട്രെയിനര്‍ എത്തും. ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്ന് അറിയാം. അതിനായി ഭാരം കുറച്ചുവെന്നും 32കാരിയായ സാനിയ പറഞ്ഞു. ടെന്നീസാണ് തന്റെ ജീവിതം. മത്സര ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്നും സാനിയ വ്യക്തമാക്കി.

വിവാഹത്തിനും അമ്മയായതിനും ശേഷം മത്സര ടെന്നീസില്‍ തിരിച്ചെത്തി കിരീടങ്ങള്‍ സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫിനെ ആണ് ഇക്കാര്യത്തില്‍ താന്‍ മാതൃകയാക്കുന്നതെന്നും സാനിയ പറഞ്ഞു. അമ്മയായതിനുശേഷം സ്ത്രീകള്‍ക്ക് അതിന് കഴിയില്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് അതിനാവുമെന്ന് തെളിയിച്ചയാളാണ് സ്റ്റെഫിയെന്നും താരം പറഞ്ഞു

Top