ആളുകളുടെ ദേഹത്ത് അണുനശീകരണ ലായനികള്‍ തളിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകളുടെ മേല്‍ അണുനശീകരണി തളിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത്. ആളുകളുടെ ദേഹത്ത് അണുനശീകരണ ലായിനികള്‍ തളിക്കുന്നത് കൊണ്ട് രോഗം മാറുമെന്ന് എവിടെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.

കൈകളും മറ്റു പ്രതലങ്ങളും അണുമുക്തമാക്കാനാണ് അവിടെയെല്ലാം അണുനശീകരിണി (സാനിറ്റൈസര്‍) തളിക്കുന്നത്. അതേസമയം വലിയ അളവില്‍ ദേഹത്ത് അണുനശീകരണി തളിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഫലമുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മാത്രമല്ല അശാസ്ത്രീയമായി ഇത്തരം ലായനികള്‍ തളിക്കുന്നത് മാസസികമായും ശാരീരികമായും ആളുകളെ ബാധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ക്ലോറിന്‍, ഹൈപ്പോക്ലോറൈറ്റ് എന്നീ ലായനികളുടെ അമിത ഉപയോഗം മൂലം കണ്ണിന് തകരാറ്, തലകറക്കം, ചൊറിച്ചില്‍, ചര്‍മ്മത്തില്‍ അസ്വസ്ഥത, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

Top