ശുചീകരണതൊഴിലാളിക്ക് ദാരുണാന്ത്യം; സ്വകാര്യ കരാറുകാരനെതിരെ കേസ്

ന്യൂഡല്‍ഹി: 15 അടി നീളമുള്ള ഓവുചാല്‍ വൃത്തിയാക്കാനായി ഇറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. ചാല്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി വിഷപ്പുക ശ്വസിച്ചാണ് മരിച്ചത്. ഡല്‍ഹിയിലെ ഷഹ്ദരയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഇയാള്‍ക്കൊപ്പം അപകടത്തില്‍ പെട്ട സഞ്ജയ് ചികിത്സയിലാണ്.

സ്വകാര്യ കരാറുകാരനാണ് രവിയും സഞ്ജയും ഉള്‍പ്പെടെ അഞ്ചുപേരെ ജോലിക്ക് നിര്‍ത്തിയത്. ഡല്‍ഹി വികസന അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ശുചീകരിക്കല്‍ നടപടി തുടങ്ങിയത്. എന്നാല്‍ തൊളിലാളികള്‍ക്ക് വേണ്ട സുരക്ഷയോ മുന്‍കരുതലോ ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിവരം.

അഴുക്കുചാലിലേക്ക് ആദ്യമിറങ്ങിയത് രവിയാണ്. ഇയാളെ കുറെ നേരം കഴിഞ്ഞ് കാണാതായതോടെ സഞ്ജയ് പിന്നാലെ ഇറങ്ങുകയായിരുന്നു. മറ്റുള്ള തൊളിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കരാറുകാരനെതിരെ കേസെടുത്തെന്നാണ് ലഭിക്കുന്ന വിവരം.

Top