‘എന്റെ രാജ്യത്തിനുവേണ്ടിയാണ് ഞാന്‍ ടെന്നീസ് കളിക്കുന്നത് ‘; ട്രോളുകള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി സാനിയ

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്കും ആരോപണങ്ങള്‍ക്കും ശക്തമായ മറുപടിയുമായി സാനിയ മിര്‍സ.

ചില ട്രോളുകളെ നേരിടുകയെന്നു വച്ചാല്‍ അതത്ര ചെറിയ കാര്യമല്ല. സമൂഹമാധ്യമങ്ങളിലൂടെ പുല്‍വാമ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാതിരുന്ന കാരണം മൂലം സെലിബ്രിറ്റികളെ ട്രോളുന്നവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പെന്നും താരം പറയുന്നു.

‘ലോകമെമ്പാടുമുള്ള സമൂഹമാധ്യമവേദികളിലൂടെ നടത്തുന്ന പ്രതികരണത്തിലൂടെ വേണോ സെലിബ്രിറ്റികള്‍ അവരുടെ ദേശഭക്തിയും രാജ്യസ്‌നേഹവും വെളിപ്പെടുത്താന്‍?. എന്തുകൊണ്ടാണിങ്ങനെ?. തീവ്രവാദത്തിന് എതിരാണെന്ന് വിശ്വസിപ്പിക്കാന്‍ അതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയണമെന്നു ഞാന്‍ ചിന്തിക്കുന്നില്ല. തീര്‍ച്ചയായും തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരാണ് ഞങ്ങള്‍’.

മനസ്സിന് സമനിലയുള്ളവരെല്ലാം തന്നെ തീവ്രവാദത്തിനെതിരാണ്. എന്റെ രാജ്യത്തിനുവേണ്ടിയാണ് ഞാന്‍ ടെന്നീസ് കളിക്കുന്നത്. അങ്ങനെയാണ് ഞാന്‍ എന്റെ ദേശത്തെ സേവിക്കുന്നത്. എത്ര ദുഖം രേഖപ്പെടുത്തിയാലും രാജ്യത്തിനു സംഭവിച്ച നഷ്ടത്തിന് ശമനമുണ്ടാകില്ലെന്നും സാനിയ പറയുന്നു.

നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന യഥാര്‍ഥ നായകര്‍ അവരാണ്. ഫെബ്രുവരി 14 ഇന്ത്യയ്ക്ക് കരിദിനമാണ്. ഇനിയൊരിക്കലും ഇങ്ങനെയൊരു ദിനം ആവര്‍ത്തിക്കാതിരിക്കട്ടെ. ഒരിക്കലും മറക്കാനാവില്ല ഈ ദിവസം. രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുക എന്നതാണ് വെറുപ്പു പരത്തുന്നവരോട് പറയാനുള്ളതെന്നും സാനിയ വ്യക്തമാക്കുന്നു.

ഇതിനിടെ സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരുന്നു. ബിജെപി എംഎല്‍എ രാജാ സിംഗാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നത്.

Top