‘ഞങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ് ഉണരാറുള്ളത്’; മകനെ കെട്ടിപ്പിടിച്ച് സാനിയ

ഹൈദരാബാദ്: ഓരോ മനുഷ്യ ജീവിതവും തുടുങ്ങുന്നത് അമ്മ എന്ന സത്യത്തില്‍ നിന്നുമാണ്. അമ്മയ്ക്ക് പകരം വെയ്ക്കാന്‍ ഈ ലോകത്ത് അമ്മ മാത്രമേയുള്ളൂ. ഈ മാതൃദിനത്തില്‍ ലോകമെങ്ങും അമ്മമാരെ ആദരിച്ച് അവരുടെ ഓര്‍മകളെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തുമ്പോള്‍
മകന്‍ ഇസ്ഹാനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ.

‘ഞങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ് ഉണരാറുള്ളത്’ എന്ന അടിക്കുറിപ്പോടെയാണ് സാനിയ ചിത്രം ട്വീറ്റ് ചെയ്തത്. ഉറക്കത്തിന്റെ ആലസ്യത്തില്‍ സാനിയ ഇസ്ഹാനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും ഇസ്ഹാന്റെ കുസൃതിച്ചിരിയും ചിത്രത്തില്‍ കാണാം. ഈ പോസ്റ്റിന് താഴെ സാനിയക്കും മകനും ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. വാത്സല്യം നിറഞ്ഞുനില്‍ക്കുന്ന ചിത്രം എന്നാണ് ചില ആരാധകരുടെ കമന്റ്.

2010-ലാണ് പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സാനിയ കുഞ്ഞുണ്ടായ ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ഇത്. നേരത്തെ ഫെഡറേഷന്‍ കപ്പ് ടെന്നീസ് ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്‍ഡൊനീഷ്യയ്‌ക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് കോര്‍ട്ടിലൂടെ ഇസ്ഹാനെയും എടുത്ത് നടന്നു നീങ്ങുന്ന സാനിയയുടെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Top