ഇടവേളക്ക് ശേഷം തിരിച്ചെത്തി, വനിതാ ഡബിള്‍സ് കിരീടം ചൂടി ‘ സൂപ്പര്‍ മമ്മി’!

ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സ് കിരീടം ചൂടി സാനിയ മിര്‍സ-നാദിയ കിച്ചെനോക്ക് സഖ്യം. ചൈനയുടെ സാങ് ഷുആയ് -പെങ് ഷുആയ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം. സ്‌കോര്‍ 6-4, 6-4.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിലെ സാനിയ നേടുന്ന ആദ്യ ടൂര്‍ണമെന്റ് കിരീടമാണ് ഇത്. ഉക്രൈന്‍ താരം നദിയ കിചെനോകുമായി സഖ്യം ചേര്‍ന്ന് ഇറങ്ങിയ സാനിയ മികച്ച പ്രകടനമാണ് നടത്തിയത്.

സെമിയില്‍ സ്ലൊവേനിയന്‍-ചെക്ക് ജോഡികളായ സിദാന്‍സെക്-മാരി ബൗസ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-2. ഹൊബാര്‍ട് ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ വാനിയ കിങ് -ക്രിസ്റ്റീന മക്ഹെയ്ല്‍ സഖ്യത്തെയാണ് സാനിയ- കിചെനോക് ജോടി തോല്‍പിച്ചത്. സ്‌കോര്‍: 6-2, 4-6, 10-4.

33 കാരിയായ സാനിയ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡബ്ല്യുടിഎ സര്‍ക്യൂട്ടിലേക്ക് മടങ്ങിവരുന്നത്. പരിക്കിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ കളിക്കളത്തില്‍ നിന്നും മാറി നിന്ന സാനിയ അമ്മയയാതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു.

Top