രാമക്ഷേത്രം യാഥാർത്ഥ്യമായിട്ടും . . . വീണ്ടും വിടാതെ, സംഘപരിവാർ നീക്കം

മിനി ഇന്ത്യ’ എന്നറിയപ്പെടുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ഈ സംസ്ഥാനമാണ് കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. ഗുജറാത്തുകാരനായ നരേന്ദ്ര മോദി യു.പിയിലെ വാരാണസി മത്സരിക്കാന്‍ തിരഞ്ഞെടുത്തതും ഈ സംസ്ഥാനത്തെ 80 ലോക്‌സഭ സീറ്റുകളില്‍ നോട്ടമിട്ടാണ്. ഇത്തവണയും ഇവിടെ നിന്നുള്ള ഭൂരിപക്ഷം ലോകസഭ സീറ്റുകളും തൂത്ത് വാരിയത് ബി.ജെ.പി തന്നെയാണ്. ഇനി അവരുടെ അടുത്ത ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പാണ്.

2022-ലാണ് യു.പി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. സംഘപരിവാര്‍ നേതൃത്വത്തെ സംബന്ധിച്ച് യോഗി ആദിത്യനാഥ് ഭരണം തുടരേണ്ടത് അനിവാര്യമായ ഘടകമാണ്. എന്നാല്‍ അയോധ്യയില്‍ ക്ഷേത്രം പണി തുടങ്ങുകയും സുപ്രീം കോടതി വിധിയോടെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമാവുകയും ചെയ്തതിനാല്‍ ഇനി എന്ത് പറഞ്ഞ് വോട്ട് പിടിക്കുമെന്നത് ബി.ജെ.പിയെ സംബന്ധിച്ച് പ്രധാന പ്രശ്‌നം തന്നെയാണ്. ജാതി ശക്തികളുടെ വിളനിലമായ യു.പിയില്‍ ഹിന്ദുത്വ ഏകീകരണമുണ്ടാക്കിയാണ് വെല്ലുവിളികളെ ബി.ജെ.പി മറികടന്നിരുന്നത്. അയോധ്യ തന്നെയായിരുന്നു പ്രധാന ആയുധം. അത് യു.പി യില്‍ മാത്രമല്ല രാജ്യത്ത് തന്നെ ബി.ജെ.പിയുടെ വളര്‍ച്ചക്കും നിര്‍ണ്ണായകമായിരുന്നു. രണ്ട് എം.പിമാരില്‍ നിന്നും രാജ്യം ഭരിക്കുന്ന നിലയിലേക്കാണ് ഹിന്ദുത്വ വാദവും രാമക്ഷേത്ര വാദവും ബി.ജെ.പിയെ ഉയര്‍ത്തിയിരുന്നത്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ പുല്‍വാമയുടെ പശ്ചാത്തലത്തില്‍ ദേശീയത കൂടി ഉയര്‍ത്തിയതോടെ ബി.ജെ.പിക്ക് ഒറ്റക്ക് തന്നെ ഭൂരിപക്ഷവും ലഭിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് ഭരിച്ചിരുന്ന മഹാരാഷ്ട്ര കൈവിട്ടത് ബി.ജെ.പിയെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. മധ്യപ്രദേശിലും കര്‍ണ്ണാടകയിലും കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കാവിയണിഞ്ഞപ്പോള്‍ അധികാരം പിടിക്കാന്‍ കഴിഞ്ഞെങ്കിലും ബീഹാറില്‍ മുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ ചെറിയ ഭൂരിപക്ഷത്തിന് ഭരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. അതില്‍ പ്രധാനം പശ്ചിമ ബംഗാളാണ്. ഇത്തവണ ബംഗാള്‍ ഭരണം പിടിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

തമിഴകത്ത് രജനീകാന്തിലൂടെയാണ് പരീക്ഷണം. കേരളത്തില്‍ 15 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെയാണ് 2022-ല്‍ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇവിടെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെ ഉയര്‍ത്തി കാട്ടുമെന്ന അഭ്യൂഹം ശക്തമാണ്. പ്രിയങ്ക – യോഗി മത്സരം വരുമ്പോള്‍ യോഗിയുടെ ‘യോഗ്യത’ കുറഞ്ഞ് പോകുമോ എന്ന ആശങ്ക സംഘപരിവാര്‍ നേതൃത്വത്തിനുണ്ട്. മാത്രമല്ല മഹാരാഷ്ട്ര മോഡല്‍ പ്രതിപക്ഷ മഹാസഖ്യത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഇത് മറി കടക്കാന്‍ തീവ്ര ഹിന്ദുത്വ വാദം വീണ്ടും ഉയര്‍ത്തി കൊണ്ടുവരുവാനാണ് പരിവാര്‍ സംഘടനകളുടെ തീരുമാനം. പുതിയ ക്യാംപയിന്‍ ഉത്തര്‍പ്രദേശില്‍ മാത്രമായി ഒതുങ്ങില്ല. രാജ്യവ്യാപകമായി തന്നെയാണ് ലക്ഷ്യമിടുന്നത്. ഇതിനും അയോദ്ധ്യയെയും രാമക്ഷേത്രത്തെയും തന്നെയാണ് വീണ്ടുംസംഘപരിവാര്‍ ഉപയോഗപ്പെടുത്തുന്നത്.

രാം മന്ദിറിന്റെ ചരിത്രത്തെ കുറിച്ചും രാമക്ഷേത്ര നിര്‍മ്മാണത്തിലേക്ക് നയിച്ച പോരാട്ടങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനായുമായാണ് ക്യാംപയിന്‍. ശ്രീരാമ ജന്മഭൂമി ക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ക്യാംപയിനെങ്കിലും പിന്നില്‍ സംഘപരിവാര്‍ നേതൃത്വമാണ് ചുക്കാന്‍ പിടിക്കുന്നത്. ജനുവരി 15 മുതല്‍ ക്യാംപയിന്‍ ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഉള്‍ഗ്രാമങ്ങളില്‍ പോലും എത്തിച്ചേരാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പശ്ചിമ ബംഗാളിനും മുന്‍ഗണന നല്‍കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, നാഗാലാന്റ്, റാന്‍ ഓഫ് കച്ച് എന്നിവിടങ്ങളും ശക്തമായ ക്യാംപയിന്‍ നടത്താനാണ് തീരുമാനം.

രാം മന്ദിരത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചരിത്രത്തെ കുറിച്ചും രാജ്യത്തെ പുതിയ തലമുറയെ അറിയിക്കുകയാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളിലേക്കും ക്യാപയിന്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് രാമ ജന്മഭൂമി ക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്‌യും വ്യക്തമാക്കിയിട്ടുണ്ട്.
മകര സംക്രാന്തി ദിനമായ ജനുവരി 15 ന് ആരംഭിക്കുന്ന ക്യാംപയിന്‍ ഫെബ്രുവരി 27 നാണ് അവസാനിക്കുക.

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ എല്ലാവരെയും പങ്ക് കൊള്ളിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. ഇതിനായി 10, 100,1000 രൂപകളുടെ കൂപ്പണുകളും പുറത്തിറക്കുന്നുണ്ട്. ഈ കൂപ്പണുകള്‍ ഉപയോഗിച്ചാകും ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഫണ്ട് കണ്ടെത്തുക. കാംപയിന്റെ ഭാഗമായി ശ്രീരാമന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളും കലണ്ടറുകളും വ്യാപകമായാണ് വീടുകളില്‍ വിതരണം ചെയ്യാന്‍ പോകുന്നത്. ആര്‍ എസ് എസ്, വിശ്വഹിന്ദു പരിഷത് പ്രസ്ഥാനങ്ങളുടെ സജീവ സഹകരണത്തോടെ നടക്കുന്ന പ്രചരണത്തില്‍ ഹിന്ദുത്വ ഏകീകരണമാണ് ആത്യന്തികമായി സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.

Top