sanghparivar aimed the opponents of Vellappally

തിരുവനന്തപുരം: യുവാവിന്റെ ജീവത്യാഗം വിവേചനത്തിന്റെ ഉദാഹരണമായി പറഞ്ഞതാണ് വെള്ളാപ്പള്ളിക്ക് വിനയായതെങ്കിലും ആര്‍എസ്എസ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല.

നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് സംഘ്പരിവാറിലെ ഒരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ടെങ്കിലും ഇപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത നടപടിയാണ് ആര്‍എസ്എസ് -ബിജെപി നേതൃത്വം ആയുധമാക്കുന്നത്.

പ്രകോപനപരമായ പരാമര്‍ശം നടത്തിയ ഇടുക്കി, താമരശ്ശേരി ബിഷപ്പുമാര്‍ക്കെതിരെ കേസെടുക്കാത്തതും സ്ത്രീകളെ അവഹേളിച്ച കാന്തപുരത്തിനെതിരെ കേസെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് അവര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.

രണ്ടുനീതിയാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രചരണം സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്നുണ്ട്.

കാന്തപുരത്തിനെതിരെയും വെള്ളാപ്പള്ളിക്കെതിരെയും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ കടുത്ത ഭാഷയില്‍ രംഗത്തുവന്നിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ സിപിഎമ്മും ഇടതുമുന്നണിയും ‘കമ്മ്യൂണല്‍ ബാലന്‍സ്’ നിലനിര്‍ത്തിയിട്ടുണ്ട്.

സമത്വമുന്നേറ്റ യാത്രയുടെ പ്രചാരണ യോഗങ്ങളിലെല്ലാം വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതിലെ ഇരട്ടത്താപ്പാണ് സംഘ്പരിവാര്‍ പ്രാസംഗികര്‍ എടുത്തു കാട്ടുന്നത്.

ആലുവ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനാല്‍ ജാഥയുടെ ഇടയ്ക്കുവച്ച് അറസ്റ്റിന് ശ്രമമുണ്ടായാല്‍ സര്‍വ്വശക്തിയുമെടുത്ത് ചെറുക്കാനും സംസ്ഥാന വ്യാപകമായി പ്രതിഷേധം പടര്‍ത്താനുമാണ് പദ്ധതി.

കേസെടുക്കുന്ന നടപടി സംഘടനാ സംവിധാനം ഉഷാറാക്കിയതിനാലും പൊതുജനശ്രദ്ധ ആകര്‍ഷിച്ചതിനാലും പൊതുയോഗത്തില്‍ ആള്‍ക്കൂട്ടം വര്‍ധിച്ചതായാണ് വിലയിരുത്തല്‍.

അഞ്ചിന് തലസ്ഥാനത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനമെങ്കിലും സംഘ് പരിവാറിന്റെ സംഘടനാ മെഷിനറിയും ഇതിനായി ചലിക്കുന്നുണ്ട്.

ബിജെപിക്കും ആര്‍എസ്എസിനും വിഎച്ച്പിക്കുമെല്ലാം ശക്തമായ സംഘടനാ അടിത്തറയും പ്രവര്‍ത്തകരുമുള്ള ജില്ലയായതിനാല്‍ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ക്കുപുറമെ സംഘ്പരിവാര്‍ പ്രവര്‍ത്തകരും സമാപന സമ്മേളനത്തിലെത്തും. എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തോടെ കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങളും മാറുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ബിജെപി മുന്നണിയിലെ പ്രധാന ഘടകകക്ഷിയായി വെള്ളാപ്പള്ളിയുടെ പാര്‍ട്ടി മാറിയാല്‍ ഉടന്‍ കേരളത്തിലെ പൊതു സ്വീകാര്യരായ ചില വ്യക്തികളെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാക്കാനാണ് നീക്കങ്ങള്‍ നടന്നുവരുന്നത്.

ആര്‍എസ്എസ്-ബിജെപി വിഭാഗത്തോട് സഹകരിക്കാന്‍ മടിയുള്ള വിഭാഗത്തെ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പാര്‍ട്ടിയിലേക്കാണ് സംഘ്പരിവാര്‍ സ്വാഗതം ചെയ്യുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പു ഫലം നല്‍കിയ ആത്മവിശ്വാസത്തോടെ കേന്ദ്രത്തിന്റെ പിന്തുണയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ആത്യന്തികമായ ലക്ഷ്യം. ഇതിനായി പ്രത്യേക കേന്ദ്രപാക്കേജ് കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പ്രഖ്യാപിക്കാനും അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്.

Top