സംഘപരിവാറിന് വലിയ തിരിച്ചടിയായി ചാരപ്രവൃത്തിയിലെ നേതാവിന്റെ അറസ്റ്റ് !

പാക്കിസ്ഥാന്‍ വിരോധവും തീവ്ര ദേശീയതയും പ്രചരിപ്പിക്കുന്ന സംഘപരിവാറിന്റെ നേതാവു തന്നെ പാക്കിസ്ഥാന്‍ ഫണ്ടു വാങ്ങി ഭീകരപ്രവര്‍ത്തനം നടത്തിയതിന് പിടിയിലായത് ആര്‍.എസ്.എസിനെ പ്രതിരോധത്തിലാക്കുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമ്പോള്‍ മുസ്ലീം ലീഗ് പതാക കാണിച്ച് രാഹുല്‍ പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കും തിരിച്ചടിയാവുകയാണ് പാക് ചാരപ്രവര്‍ത്തനത്തിലെ സംഘപരിവാര്‍ ബന്ധം.

പാക്കിസ്ഥാനില്‍ നിന്നും പണംവാങ്ങി ചാരപ്രവൃത്തി നടത്തിയതിനാണ് ബജ്രംഗ്ദള്‍ നേതാവ് ബല്‍റാംസിങ് അടക്കം നാലുപേരെ മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നത്.

2017 ആഗസ്റ്റില്‍ പാക്കിസ്ഥാനു വേണ്ടി പണം വാങ്ങി ചാരപ്രവൃത്തി നടത്തിയതിന് ബജ്രറംഗ്ദള്‍ നേതാവായ ബല്‍റാം സിങും യുവമോര്‍ച്ച ഐ.ടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ധ്രുവ് സക്‌സേന അടക്കമുള്ളവരും അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ചാര പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് വീണ്ടും ബല്‍റാം സിങ് പിടിയിലായത്.

ഭീകരപ്രവര്‍ത്തനത്തിനായി ഫണ്ട് കൈപ്പറ്റിയത് ഏത് രാഷ്ട്രീയ സംഘടനയില്‍പ്പെട്ടവരായാലും വെറുതെവിടില്ലെന്ന കര്‍ശന നിലപാടാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സ്വീകരിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിലെ തീവ്രവാദ ബന്ധമുള്ളവരുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ട് ഇന്ത്യയുടെ പല തന്ത്രപ്രധാനമായ വിവരവും കൈമാറിയതായി ഭീകരവിരുദ്ധ സ്‌ക്വാഡിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. പണമിടപാട് നടത്തിയ ബാങ്കിങ് വിവരവും ലഭിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടാണ് പാക്കിസ്ഥാനില്‍ നിന്നും കൈമാറിയതെന്ന് മനസിലായതായി സത്‌ന ജില്ലാ പോലീസ് സൂപ്രണ്ട് റിയാസ് ഇഖ്ബാല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ചിത്രകൂട്, ദേവാസ്, ബര്‍വാനി, മണ്ഡസോര്‍ എന്നിവിടങ്ങളിലെ ക്രിമിനല്‍കുറ്റകൃത്യങ്ങളിലും ഈ സംഘം ഉള്‍പ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ സ്വദേശികളുമായി ഇവര്‍ വാട്‌സാപ്പിലൂടെയും മെസഞ്ചറിലൂടെയുമാണ് ബന്ധപ്പെട്ടിരുന്നത്. രാജ്യത്തിനെതിരെ യുദ്ധാസൂത്രണം നടത്തിയ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പാക്കിസ്ഥാനുവേണ്ടിയുള്ള ചാര പ്രവൃത്തിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ പിടിയിലായത് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആയുധമാക്കിക്കഴിഞ്ഞു. കാശ്മീരില്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ശക്തമായ നിലപാടെടുത്ത കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ് മധ്യപ്രദേശില്‍ നിന്നുള്ള ഈ ചാരക്കേസ്.

മുസ്ലീങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ അക്രമങ്ങളഴിച്ചിവിട്ടും വിദ്വേഷം പ്രചരിപ്പിച്ചുമാണ് സംഘപരിവാര്‍ തീവ്ര ഹിന്ദുത്വ ദേശീയ വാദം ഉയര്‍ത്തുന്നത്. യഥാര്‍ത്ഥ ദേശഭക്തര്‍ തങ്ങളാണെന്ന് ആവര്‍ത്തിക്കുകയും ആര്‍.എസ്.എസിനെ എതിര്‍ക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുകയും ചെയ്യുന്ന പ്രകോപനമാണ് അവര്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ ചിലര്‍ പാക്കിസ്ഥാനില്‍ നിന്നും ചാരപ്രവര്‍ത്തനത്തിനായി പണം വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.

മുസ്ലീങ്ങള്‍ പ്രതികൂട്ടിലായി ഇന്ത്യയിലെ പല സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് സംഘപരിവാറാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ സി.ബി.ഐയും എന്‍.ഐ.എയും അന്വേഷിച്ചിരുന്ന ഈ കേസുകളെല്ലാം വിചാരണയില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു.

2006 സെപ്തംബര്‍ 6 ന് 37 പേര്‍ മരണപ്പെട്ട മലേഗാവ് സ്‌ഫോടനം, 2007 ഫെബ്രുവരി 18 ന് 68 പേര്‍ കൊല്ലപ്പെടാനിടയാക്കിയ സംജോദ എക്‌സ്പ്രസ് സ്‌ഫോടനം, 2007 മെയ് 18ന് 18 പേര്‍ മരണപ്പെട്ട മക്കാമസ്ജിദ് സ്‌ഫോടനം, 2007 ഒക്ടോബര്‍ 11 ന് മൂന്നു പേര്‍ മരണപ്പെട്ട അജ്മീര്‍ ദര്‍ഗ സ്‌ഫോടനം, 2008 സെപ്തംബര്‍ എട്ടിന് 11 പേര്‍ കൊല്ലപ്പെട്ട മലേഗാവ് രണ്ടാം സ്‌ഫോടനം എന്നിവയിലെല്ലാം സംഘപരിവാര്‍ സംഘടനകളുടെ ബന്ധങ്ങള്‍ കണ്ടെത്തിയിരുന്നു.

രണ്ടാം മലേഗാവ് സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവന്‍ ഹേമന്ദ് കര്‍ക്കരെ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ പല തീവ്രവാദ സ്‌ഫോടനങ്ങളുടെ പിന്നിലെയും ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്ക് പുറത്തുവന്നിരുന്നത്. മലേഗാവിലെ ബിക്കു ചൗക്കില്‍ മോട്ടോര്‍ സൈക്കിളിലായിരുന്നു ബോംബ് വെച്ചിരുന്നത്. ബൈക്കിന്റെ ഉടമ ഇപ്പോഴത്തെ ബി.ജെ.പി എം.പിയായ സ്വാധി പ്രഗ്യാസിങ് ഠാക്കൂറായിരുന്നു. ഈ കേസില്‍ പ്രഗ്യസിങ് ഠാക്കൂറിനൊപ്പം കേണല്‍ ശ്രീകാന്ത് പുരോഹിത്, മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.ജെ.പി എക്‌സ് സര്‍വീസ്‌മെന്റ് സെല്ലിന്റെ തലവന്‍ മേജര്‍ രമേശ് ഉപാധ്യായ എന്നിവരെല്ലാം അറസ്റ്റിലായിരുന്നു.

സംജോദ സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ളവരാണ് അറസ്റ്റിലായിരുന്നത്. രണ്ടാം മലേഗാവ് സ്ഫോടനം, അജ്മീര്‍, സംജോത, മക്കാ മസ്ജിദ് എന്നിവ കൂടാതെ 30ലധികം പേര്‍ കൊല്ലപ്പെട്ട 2006ലെ മലേഗാവ് സ്ഫോടനവും തങ്ങളാണ് നടത്തിയതെന്നായിരുന്നു അസിമാനന്ദയുടെ കുറ്റസമ്മതമൊഴി. ഈ കേസുകളില്‍ മുസ്ലീം ചെറുപ്പക്കാരെയാണ് ജയിലിലടച്ചിരുന്നത്.

മക്കാ മസ്ജിദ് സ്ഫോടനവുമായി ബന്ധമില്ലെന്നറിഞ്ഞിട്ടും മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാരനായ അബ്ദുല്‍കലീമിനെ പ്രതിയാക്കിയും ജയിലിലടച്ചു. അയാളുടെ സെല്ലിലാണ് അസീമാനന്ദയെയും പാര്‍പ്പിച്ചിരുന്നത്. കലീമിന്റെ ദയാവായ്പും സഹായവും തന്നെ കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് അസീമാനന്ദയുടെ മൊഴിയിലുണ്ട്. എന്നാല്‍ അസീമാനന്ദ പിന്നീട് മൊഴി മാറ്റുകയും യു.പി.എ ഭരണം വീണതോടെ ഈ കേസ് അട്ടിമറിക്കപ്പെടുകയുമായിരുന്നു. ഇതോടെ അസീമാനന്ദ അടക്കമുള്ള പ്രതികളും കുറ്റവിമുക്തരായി.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സുഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്ക് ക്ലീന്‍ചിറ്റ് ആണ് നല്‍കിയിരുന്നത്. ഇഷ്റത് ജഹാന്‍-പ്രാണേഷ് പിള്ള വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെയും വെറുതെ വിടുകയുമുണ്ടായി. മലേഗാവ്, അജ്മീര്‍, സംജോദ എക്സ്പ്രസ് തുടങ്ങി ഹിന്ദു തീവ്രവാദികള്‍ ഉള്‍പ്പെട്ട സ്ഫോടനക്കേസുകളെല്ലാം ഇതുപോലെ അട്ടിമറിക്കപ്പെട്ടവയാണ്. തീവ്രവാദ സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്ക് പുറത്തുകൊണ്ടുവന്ന മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെ മുംബൈ ഭീകരാക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്.

മധ്യപ്രദേശിലെ ചാരക്കേസിലെ സംഘപരിവാര്‍ ബന്ധം പുറത്തുവന്നത് ആര്‍.എസ്.എസിന്റെ ദേശഭക്തിവാദത്തിനും തിരിച്ചടിയായിരിക്കുകയാണ്. മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ദേശഭക്തി ചോദ്യം ചെയ്യുന്ന ആര്‍.എസ്എസിന് ഇപ്പോള്‍ സ്വന്തം ദേശഭക്തിതന്നെ തെളിയിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.

political reporter

Top