ഗുജറാത്തിലും ‘പഞ്ചവടിപാലം’ ആശങ്കയിൽ സംഘ പരിവാർ സംഘടനകൾ . . .

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ തൂക്ക് പാലം തകർന്ന് വീണ സംഭവവും പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കും. അപകടത്തിന് അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ചരിത്രപ്രാധാന്യമുള്ള പാലമാണ് തകർന്നു വീണിരിക്കുന്നത്. ഇതുവരെ 150 ഓളം പേർ മരണപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഗുജറാത്തുകാർ പുതുവർഷമായി കണക്കാക്കുന്ന ഒക്ടോബർ 26നാണ് മച്ചു നദിക്കു കുറുകെയുള്ള ഈ തൂക്കുപാലം തുറന്നു കൊടുത്തിരുന്നത്.

പാലത്തിന്റെ അറ്റകുറ്റ പണിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് നിലവിൽ ഉയർന്നിരിക്കുന്നത്. പാലം തുറക്കുന്നതിന് മുമ്പായി അധികൃതരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി ഭരിക്കുന്ന മോർബി മുനിസിപ്പൽ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. അറ്റക്കുറ്റ പണികൾക്കായി ഏഴ് മാസത്തോളമാണ് പാലം അടച്ചിട്ടിരുന്നത്.

ഒറേവ റിനോവേറ്റഡ് എന്ന സ്വകാര്യ ട്രസ്റ്റാണ് അറ്റക്കുറ്റപണികൾക്കായി സർക്കാരിൽ നിന്ന് കരാർ നേടിയത്. ഇതൊരു സർക്കാർ ടെൻഡറായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറേവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങൾ നൽകേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതുമായിരുന്നു എന്നാണ് ബി.ജെ.പി നേതാക്കൾ വാദിക്കുന്നത്. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഇക്കാര്യമെല്ലാം ചെയ്തോ എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ആർക്കായിരുന്നു എന്ന മറു ചോദ്യവും ഉയർന്നു കഴിഞ്ഞു.

സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഞ്ചംഗ ഉന്നതാധികാര സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതു കൊണ്ടാന്നും പ്രതിപക്ഷം തൃപ്തരല്ല. സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും വന്ന ഗുരുതര വീഴ്ചയായാണ് അവർ ഈ അപകടത്തെ നോക്കി കാണുന്നത്.

തൂക്ക് പാലം തകർന്ന് വീണ് അനവധി പേർ കൊല്ലപ്പെട്ടതും നിരവധി പേരെ കാണാതായതും ഗുജറാത്തിൽ വലിയ വികാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ ഈ അപകടം ബി.ജെ.പിയെ സംബന്ധിച്ച് വലിയ ഷോക്ക് തന്നെയാണ്. അപകടത്തിനു തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇടപെടുന്ന സാഹചര്യവും ഉണ്ടായി.

വിശദാംശങ്ങൾ അന്വേഷിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ബന്ധപ്പെട്ട മോദി അടിയന്തരമായി രക്ഷാപ്രവർത്തനം നടത്താൻ നിർദ്ദേശം നൽകുകയാണ് ഉണ്ടായത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും , പരിക്കേറ്റവർക്കും , കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ധനസഹായം പ്രഖ്യാപിച്ചതും മിന്നൽ വേഗത്തിലാണ്.

കേന്ദ്ര സർക്കാർ രക്ഷാപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ അഗ്നിരക്ഷാ സേന, ജില്ലാ കലക്ടർ, പൊലീസ് മേധാവി, ഡോക്ടർമാർ, ആംബുലൻസുകൾ തുടങ്ങിയവ സ്ഥലത്തെത്തിയെന്നാണ് ഗുജറാത്ത് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള തന്ത്രം കൂടിയാണിത്. ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും രാജ്യത്തെ മറ്റേത് സംസ്ഥാനങ്ങളിലെ ഭരണം കൈവിട്ട് പോയാലും മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്ത് കൈവിട്ട് പോകരുതെന്ന വാശി ബി.ജെ.പിക്കുണ്ട്. അഭിപ്രായ സർവേകളിലും ബി.ജെ.പി തന്നെയാണ് ഇതുവരെ മുന്നിൽ.

‘പഞ്ചവടിപാലം’ ചതിച്ചാൽ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ പി ഭയക്കേണ്ടതൊള്ളൂ. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവച്ച പാർട്ടിയാണ് കോൺഗ്രസ്സ്. ഭരണം ലഭിച്ചില്ലങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ് 5 വർഷം മുൻപ് ഗുജറാത്തില്‍ കരസ്ഥമാക്കിയിരുന്നത്. ബിജെപി 99, കോൺഗ്രസ് 77, സ്വതന്ത്രർ 3, ബിടിപി 2, എൻസിപി 1, എന്നിങ്ങനെ ആയിരുന്നു കക്ഷിനില.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനം ഇത്തവണ ആവർത്തിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കോൺഗ്രസ്സിനു തന്നെ ഒരു പ്രതീക്ഷയും നിലവിലുണ്ടായിരുന്നില്ല. ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശമാണ് കോൺഗ്രസ്സിനെ ആശങ്കയിലാഴ്ത്തുന്നത്. കോൺഗ്രസ്സ് വോട്ടുകൾ ആം ആദ്മി പാർട്ടി ഭിന്നിപ്പിക്കുമെന്നതാണ് ഭയം. വസ്തുതാപരമായി നോക്കിയാൽ , ഇതിനും സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ, വീണ്ടും ഗുജറാത്ത് ബി ജെ.പി തന്നെ ഭരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് – സിഫോര്‍ ഗുജറാത്ത് പ്രീപോള്‍ സര്‍വേയിലെ കണക്കുകളും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ, 182 അംഗ നിയമസഭയിൽ 133 മുതൽ 143 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് 28 മുതൽ 37 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നതാണ് പ്രവചനം. അതായത് പകുതിയോളം സീറ്റുകള്‍ വരെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായേക്കാം എന്നാണ് ഈ സർവേ പറയുന്നത്. ഇതിന്റെ നേട്ടം ലഭിക്കുന്നത് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിക്കാണ്. കോൺഗ്രസിന് 31 ശതമാനം വോട്ടാണ് ലഭിക്കുക എന്നാണ് സര്‍വേ ഫലം പറയുന്നത്. അതായത് 2017ലെ ഫലം വച്ച് നോക്കിയാല്‍ 10 ശതമാനം കുറവാണിത്.

ശക്തമായ നേതൃത്വത്തിന്റെ അഭാവവും സ്വാധീനമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയതും സംസ്ഥാന തലത്തിൽ സംഘടന ശേഷി ക്ഷയിച്ചതുമാണ് കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം കുറയാനുള്ള നിർണായക കാരണങ്ങൾ എന്നാണ് പ്രീ പോൾ സര്‍വേ പറയുന്നത്. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ സംസ്ഥാനത്തെ വോട്ടർമാരിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്ന കോൺഗ്രസ്സിനെ ഞെട്ടിക്കുന്ന വിലയിരുത്തലും സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയിട്ടുണ്ട്.

അതായത്, ദില്ലിയിലെയും പഞ്ചാബിലെയും പോലെ ഗുജറാത്തിലെ കോൺഗ്രസിനും ബദലായി എഎപിയും മാറുകയാണ് എന്നാണ് സര്‍വേ ഫലം നല്‍കുന്ന സൂചന. 2022 ല്‍ ആപ്പിന് വോട്ട് ചെയ്യുമെന്ന് പറയുന്ന വോട്ടര്‍മാരില്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 66 ശതമാനം കോൺഗ്രസിന് വോട്ട് ചെയ്തവരാണെന്ന സുപ്രധാന കണക്കും ഏഷ്യാനെറ്റ് ന്യൂസ് – സിഫോര്‍ ഗുജറാത്ത് പ്രീപോള്‍ സര്‍വേ പങ്കുവയ്ക്കുന്നുണ്ട്.

പെട്രോൾ, ഡീസൽ,ഗ്യാസ് തുടങ്ങി . . . അവശ്യസാധനങ്ങളുടെ വിലക്കയറ്റം കാരണം സമൂഹത്തിലെ ചില വിഭാഗങ്ങളിൽ പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാർക്കിടയിൽ ബിജെപിക്കെതിരായ അതൃപ്തിയുണ്ടെങ്കിലും അതൊന്നും വോട്ടാക്കി മാറ്റാൻ കഴിയുന്നില്ലന്നത് കോൺഗ്രസ്സിന്റെ വലിയ പോരായ്മയാണ്. കോൺഗ്രസിന് വോട്ട് ചെയ്യും എന്ന് പറഞ്ഞവരില്‍ 57 ശതമാനം വോട്ടർമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്യാനുള്ള ഒരേയൊരു കാരണം ഗുജറാത്തിലെ ബിജെപിയുടെ ഭരണത്തില്‍ തൃപ്തരല്ലെന്ന കാരണമാണ് വ്യക്തമാക്കിയിരിക്കുന്നത്

കോൺഗ്രസ് പ്രഖ്യാപിച്ച സൗജന്യങ്ങളും തെരഞ്ഞെടുപ്പിന് മുന്‍പുള്ള വാഗ്ദാനങ്ങളും വിശ്വസിച്ചു വോട്ട് ചെയ്യുമെന്ന് പറഞ്ഞവർ 12 ശതമാനമാണ്. രസകരമായ മറ്റൊരു കാര്യം വെറും 7 ശതമാനം പേർക്ക് മാത്രമാണ്. രാഹുൽ ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും പ്രതിച്ഛായയോട് ഇഷ്ടം തോന്നി വോട്ട് ചെയ്യാൻ താൽപ്പര്യമുള്ളത് എന്നതാണ്. പ്രത്യയശാസ്ത്രത്തേക്കാൾ നെഹറുകുടുംബം എല്ലാമായ കോൺഗ്രസ്സിന് ഇതും വ്യക്തമായ ഒരു മുന്നറിയിപ്പ് തന്നെയാണ്.

EXPRESS KERALA VIEW
 

Top