സര്‍ക്കാരിനെയും സിപിഐഎമ്മിനെയും ബിജെപി വിരട്ടി നിര്‍ത്തിയിരിക്കുകയാണ്; വി.ഡി സതീശന്‍

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തെ അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയത്തിനും തുടര്‍ഭരണത്തിനും കാരണമായത് ഈ കൂട്ടുകെട്ടാണ്. ലൈഫ്മിഷന്‍ കേസും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം വഴിയില്‍വെച്ച് അവസാനിപ്പിച്ചതും ബിജെപി സിപിഐഎം കൂട്ടുകെട്ടിന്റെ ഫലമെന്നും സതീശന്‍ ആരോപിച്ചു.

വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായി ഇന്‍ഡ്യ മുന്നണിക്ക് രൂപം കൊടുത്തപ്പോള്‍ അതിന്റെ കൂടെയാണ് സിപിഐഎം – സിപിഐ നേതൃത്വങ്ങള്‍ നിന്നത്. എന്നാല്‍ ഇന്‍ഡ്യാ മുന്നണിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തെ സമ്മര്‍ദ്ദപ്പെടുത്തി കേരള ഘടകം തീരുമാനം എടുപ്പിച്ചു. ബിജെപി വിരട്ടി നിര്‍ത്തിയിരിക്കുകയാണ് പിണറായി സര്‍ക്കാരിനെയും സിപിഐഎമ്മിനെയും.

സിപിഐ ഡി രാജയെ ഇന്‍ഡ്യ മുന്നണിയിലേക്ക് പ്രതിനിധിയായി അയച്ചു. ഇടതുകക്ഷികളെല്ലാം സാധാരണ ഒരുമിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കാറ്. എന്നാല്‍ പ്രതിനിധിയെ അയക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കേരള നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലം അത് നടന്നില്ല. സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലെ ഭരണകൂടത്തെ വിരല്‍ത്തുമ്പില്‍ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്; വിഡി സതീശന്‍ പറഞ്ഞു.

കരുവന്നൂരില്‍ നടക്കുന്ന ഇഡി അന്വേഷണം സെറ്റില്‍മെന്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവസാനം തൃശ്ശൂര്‍ സീറ്റില്‍ ഒരു സെറ്റില്‍മെന്റിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകുമോയെന്ന് ഭയപ്പെടുന്നുവെന്നും സതീശന്‍ വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയില്‍ എന്‍ഡിഎ മുന്നണിയിലെ ഒരുപാര്‍ട്ടിയുടെ പ്രതിനിധി ഇരിക്കുന്നു. ദേവഗൗഡയുടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന സിഎം ഇബ്രാഹിം തള്ളിപ്പറഞ്ഞു. ഒരു കാരണവശാലും ബിജെപിയില്‍ ചേരാന്‍ പാടില്ലെന്ന് പറഞ്ഞ അയാള്‍ക്കെതിരെ നടപടിയെടുത്തു, പുറത്താക്കി. ഇവിടുത്തെ കേരളഘടകത്തെ പുറത്താക്കിയിട്ടില്ല. ദേവഗൗഡ പറഞ്ഞത് സത്യമാണ്. ജെഡിഎസിന്റെ കേരള ഘടകം ബിജെപിക്കൊപ്പം ചേരുന്നതിനെ പിന്തുണയ്ക്കുകയും അവരെ മന്ത്രിസഭയില്‍ നിലനിര്‍ത്താമെന്ന് ദേഗൗഡക്ക് വാക്കും നല്‍കിയിട്ടുണ്ട് പിണറായി വിജയന്‍. ഇത് കേട്ട്കേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ഇതോടെ ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

ഒരു മാസം കൊണ്ടാണോ ദേവഗൗഡയ്ക്ക് പ്രായാധിക്യം വന്നതെന്ന് മാത്യു ടി തോമസിനുള്ള മറുപടിയായി വി ഡി സതീശന്‍ ചോദിച്ചു. തെറ്റിദ്ധാരണ അല്ലെങ്കില്‍ പ്രായാധിക്യത്തിന്റെ പിഴവ് എന്നായിരുന്നു ദേവഗൗഡയുടെ പ്രസ്താവനയെക്കുറിച്ച് നേരത്തെ മാത്യു ടി തോമസ് പറഞ്ഞത്. ജെഡിഎസിനോട് കൃത്യമായ നിലപാട് എടുക്കാന്‍ പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണ് മടിയെന്നും വിഡി സതീശന്‍ ചോദിച്ചു.

Top