വിക്കറ്റ് വേട്ടയുമായി സന്ദീപ്; വിന്‍ഡിസിന് ബാറ്റിങില്‍ തിരിച്ചടി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ വിക്കറ്റുകള്‍ കൊയ്ത് സന്ദീപ് വാര്യര്‍. 12/4 എന്ന നിലയിലാണ് വിന്‍ഡീസ്. ഇതില്‍ മൂന്നു വിക്കറ്റുകളും നേടിയത് മലയാളി പേസര്‍ സന്ദീപ് വാര്യരാണ്. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റും ലഭിച്ചു.

ആദ്യ ഇന്നിംഗ്‌സില്‍ 128 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസിന്റെ നാല് വിക്കറ്റുകളാണെടുത്തത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 190 റണ്‍സില്‍ അവസാനിച്ചിരുന്നു. ശിവം ദുബെയുടെയും പിയങ്ക് പാഞ്ചാലിന്ടറെയും അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ സവിശേഷത.

ഇവരെ കൂടാതെ 18 റണ്‍സ് നേടിയ കൃഷ്ണപ്പ ഗൗതം മാത്രമാണ് സ്‌കോര്‍ നിലയില്‍ രണ്ടക്കം കടന്നത്. വിന്‍ഡീസിന് വേണ്ടി ചീമര്‍ ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ 318 റണ്‍സ് നേടിയിരുന്നു. രണ്ടു ദിവസം ബാക്കിയുള്ള ടെസ്റ്റില്‍ ആറ് വിക്കറ്റ് ശേഷിക്കേ വിന്‍ഡീസിന് 140 റണ്‍സിന്റെ ലീഡാണുള്ളത്.

Top