സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്‌

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് ആയിട്ടില്ലെന്ന് ചൂണ്ടികാട്ടി സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തില്‍ ആക്രമണം നടന്നത്. ആശ്രമത്തിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന്റെ പോര്‍ച്ചും കത്തി. ആശ്രമത്തിന് മുന്നില്‍ റീത്തും വെച്ചിരുന്നു.

ശബരിമല യുവതീപ്രവേശന വിധിയെ ശക്തമായി അനുകൂലിച്ച സ്വാമിക്ക് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് ഭീഷണികള്‍ ഉണ്ടായതിന് പിന്നാലെയായിരുന്നു അക്രമം നടന്നത്. ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. അതിശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാല്‍ ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോള്‍ വാങ്ങിയ പമ്പോ കണ്ടെത്താനുമായില്ല.

Top