സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികരണം; തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികരണം തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. പൗരത്വ നിയമത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികരണം തന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

ഫെസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഭീഷണിയായി തോന്നുന്നത് നികുതിയടയ്ക്കാത്തവര്‍ക്ക് ആണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് നടത്തിയ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. എന്നാല്‍ ഈ പ്രതികരണത്തില്‍ പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു എം ടി രമേശിന്റെ പ്രതികരണം. സന്ദീപ് വാര്യര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top