ആർ ബിന്ദുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അപേക്ഷ. കേന്ദ്ര നയങ്ങള്‍ക്കൊപ്പം സുപ്രീംകോടതി നില്‍ക്കുന്നുവെന്ന് അഭിപ്രായപ്പെട്ടതിന് എതിരെയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ബി ജെ പി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിക്ക് അപേക്ഷ നല്‍കിയത്.

നവംബര്‍ പതിനെട്ടിന് മന്ത്രി കൊച്ചിയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ.’സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരേ വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നടത്തിയ അഭിപ്രായപ്രകടനം സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറലിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സുപ്രീം കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയൂ.

സുപ്രീംകോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വേണം വിധിയിലൂടെ മനസ്സിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നയത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞു.

Top