നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം; സിപിഎമ്മിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ അഡ്വ. എംകെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മിലെത്തിയതില്‍ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം’ എന്നൊരു ചൊല്ലുണ്ട്. അത് സിപിഎമ്മിനെ മുന്നില്‍ കണ്ടു കൊണ്ട് ഉണ്ടാക്കിയതാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാന്‍ സാധിക്കില്ല. രക്തസാക്ഷിത്വങ്ങളെ വളമാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്ന ഈ ഏര്‍പ്പാട് ഒരു മുഖ്യധാര രാഷ്ട്രീയ സംഘടനക്ക് നല്ലതാണൊ എന്ന് സിപിഎം ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം’ എന്നൊരു ചൊല്ലുണ്ട്. അത് സിപിഎമ്മിനെ മുന്നില്‍ കണ്ടു കൊണ്ട് ഉണ്ടാക്കിയതാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാന്‍ സാധിക്കില്ല.
ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ തൃശ്ശൂര്‍ എഡിഷനിലെ രണ്ടാം പേജില്‍ വന്നിട്ടുള്ള രണ്ട് വാര്‍ത്തകള്‍ സിപി എമ്മിന്റെ പഴയതും പുതിയതുമായ രണ്ട് രക്തസാക്ഷികളുമായി ബന്ധപെട്ടതാണു. കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകവുമായി ബന്ധപെട്ട് ബിജെപിക്കെതിരെ വന്ന ആരോപണങ്ങളെ അന്വേഷണ സംഘം ശരി വക്കുന്നില്ല എന്നതാണു ആദ്യത്തെ വാര്‍ത്ത. ഒരു ചെറുപ്പകാരന്റെ ദാരുണമായ മരണത്തെ രാഷ്ട്രീയ എതിരാളികളുമായി കൂട്ടി കെട്ടി നേടാനാവുന്നതെല്ലാം കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സിപിഎം നേടി കഴിഞ്ഞതിനു ശേഷമാണു, രാഷ്ട്രീയമല്ല കൊലപാതകത്തിനു കാരണം എന്ന രീതിയില്‍ അന്വേഷണം നീങ്ങുന്നതായി വാര്‍ത്ത വരുന്നത്.
തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ അറിയപെടുന്ന നേതാവുമായിരുന്ന എം.കെ മുകുന്ദന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്നതാണു രണ്ടാമത്തെ വാര്‍ത്ത.
ആരാണീ മുകുന്ദന്‍. 1992 ല്‍, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന സഖാവ് ആര്‍.കെ കൊച്ചനിയനെ കുത്തി കൊലപെടുത്തിയ കേസില്‍ രണ്ടാം പ്രതിയെന്ന് ആരോപിക്കപെട്ട് ജയില്‍വാസം അനുഭവിച്ച വ്യക്തി. അന്ന് ആര്‍.കെ കൊച്ചനിയന്റെ രക്തസാക്ഷിത്വത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമെമ്പാടും അക്രമങ്ങളഴിച്ചു വിട്ട അതേ സിപിഎം തന്നെ എം.കെ മുകുന്ദനു ജയ് വിളിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിലെ വിരോധാഭാസം എത്രത്തോളമാണെന്ന് ജനം തിരിച്ചറിയേണ്ടതുണ്ട്.
എസ്എഫ്ഐയുടെ ആദ്യ രക്തസാക്ഷി എന്ന് പറയപെടുന്ന പട്ടാമ്പി കോളേജിലെ സെയ്താലിയെ കൊന്ന കേസിലെ പ്രതിയെ തന്നെ പിന്നീട് എംഎല്‍എ ആക്കിയ ചരിത്രമുള്ള സിപിഎമ്മിനു ഇത് പുത്തരിയല്ല. രക്തസാക്ഷിത്വങ്ങളെ വളമാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്ന ഈ ഏര്‍പ്പാട് ഒരു മുഖ്യധാര രാഷ്ട്രീയ സംഘടനക്ക് നല്ലതാണൊ എന്ന് സിപിഎം ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.

 

Top