പദ്മ പുരസ്‌കാരം നിരസിച്ച ബുദ്ധദേവ് ഭട്ടാചാര്യയെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: പദ്മ പുരസ്‌കാരം നിരസിച്ച പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പദ്മ അവാര്‍ഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബ് ഭട്ടാചാര്യയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സുകുമാര്‍ അഴീക്കോടും പദ്മ അവാര്‍ഡ് തിരസ്‌കരിച്ചിട്ടുണ്ട്. പക്ഷേ ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഒരു മുന്‍ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കില്‍ ഉളുപ്പില്ലാതെ വാങ്ങിയേനെയെന്നും അദ്ദേഹം തുറന്നടിച്ചു.

നേരത്തെ, പത്മഭൂഷണ്‍ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററില്‍ പങ്കുവച്ചു.

എന്നാല്‍, ബുദ്ധദേബ് ഭട്ടാചാര്യയെ വിളിച്ചിരുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്. സുഖമില്ലാത്തതിനാല്‍ ഭാര്യയാണ് സംസാരിച്ചത്. പുരസ്‌ക്കാരത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്നും അദ്ദേഹം പുരസ്‌കാരം നിരസിക്കുന്നതായി കുടുംബത്തിലെ ആരെങ്കിലും അറിയിച്ചിട്ടില്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Top