മുഖ്യമന്ത്രിയുടെ തലയില്‍ നെല്ലിക്കാത്തളം വെയ്ക്കണം; സന്ദീപ് വാര്യര്‍

മലപ്പുറം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. പിണറായി വിജയന്‍ മനോരോഗിയായ ഏകാധിപതിയാണെന്നും മുഖ്യമന്ത്രിയുടെ തലയ്ക്ക് നെല്ലിക്കാത്തളം വെയ്ക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കെ സുരേന്ദ്രന് മാനസിക നില തെറ്റിയെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. മകള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ മുഖ്യമന്തി പ്രകോപിതനാവുന്നത് എന്തിനാണെന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. മകളുടെ വിവാഹത്തിന് സമ്മാനമായി ഫര്‍ണിച്ചറുകള്‍ നല്‍കിയത് സ്വപ്ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല മരുമകനേയും ചോദ്യം ചെയ്യണം. ഈ സാഹചര്യത്തില്‍ അദ്ദേഹം ഭരണത്തില്‍ തുടരുന്നത് സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സ്വര്‍ണ കള്ളക്കടത്തില്‍ ബന്ധമില്ലെന്ന് ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്യാന്‍ മന്ത്രി കെ.ടി.ജലീലിന് ധൈര്യമുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. മത തീവവാദ സംഘടനകളുമായി സി.പി.എമ്മിനെ ബന്ധിപ്പിക്കുന്ന പാലമാണ് കെ.ടി.ജലീല്‍. ഒപ്പു വിവാദം ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഫയലില്‍ കൃത്രിമം കാണിക്കാനാണ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

ലൈഫ് മിഷനില്‍ മുഖ്യമന്ത്രിക്ക് കമ്മീഷനും മകള്‍ക്ക് അഴിമതിയില്‍ പങ്കുമുണ്ടെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആണ് മുഖ്യമന്ത്രി ക്ഷുഭിതനായി സുരേന്ദ്രനെതിരെ രംഗത്ത് വന്നത്. ആദ്യം മൗനം പാലിച്ച മുഖ്യമന്ത്രി ആവര്‍ത്തിച്ചുള്ള ചോദ്യത്തെ തുടര്‍ന്ന് സുരേന്ദ്രനെതിരെ ആഞ്ഞടിച്ചു. അത്ര മാനസിക നില തെറ്റിയ ഒരാളെ അവരുടെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നുണ്ടല്ലോ എന്ന് അവര്‍ ആലോചിക്കേണ്ടതാണ്.

Top