ജയിച്ചുവെന്ന് ഉറപ്പിച്ച മത്സരത്തിൽ രാജസ്ഥാനെ തോല്‍പ്പിച്ച സന്ദീപ് ശര്‍മയുടെ നോ ബോള്‍

ജയ്പൂര്‍: ഐപിഎല്ലില്‍ ഏതൊരു ത്രില്ലര്‍ സിനിമയെയും വെല്ലുന്ന ക്ലൈമാക്സും അതിനൊടുവില്‍ ട്വിസ്റ്റ് നിറഞ്ഞ ആന്റി ക്ലൈമാക്സുമായിരുന്നു രാജസ്ഥാന്‍ റോയല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ 214 റണ്‍സടിച്ചപ്പോള്‍ തന്നെ നിലവിലെ ഫോം കണക്കിലെടുത്ത് ഹൈദരാബാദിന്റെ വമ്പന്‍ തോല്‍വി ആരാധകര്‍ മനസില്‍ കണ്ടു. എന്നാല്‍ അഭിഷേക് ശര്‍മയും അന്‍മോല്‍പ്രീത് സിംഗും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 5.5 ഓവറില്‍ 51 റണ്‍സടിച്ചപ്പോഴും രാജസ്ഥാന്‍ ഭീഷണിയൊന്നും മുന്നില്‍ കണ്ടില്ല. അന്‍മോല്‍പ്രീതും ഹൈദരാബാദ് 100 കടന്നതി് പിന്നാലെ അഭിഷേക് ശര്‍മയും സ്കോര്‍ 150 കടന്നപ്പോള്‍ രാഹുല്‍ ത്രിപാഠിയും ഒന്ന് വിറപ്പിച്ച ശേഷം ഹെന്റിച്ച് ക്ലാസനും ക്യാപ്റ്റന്‍ ഏയ്ഡന് മര്‍ക്രവും എല്ലാം മടങ്ങിയപ്പോള്‍ എത്ര റണ്ണിന് ഹൈദരാബാദ് തോല്‍ക്കുമെന്ന് മാത്രമെ ഹൈദരാബാദ് ആരാധകര്‍ക്ക് പോലും സംശയമുണ്ടായിരുന്നുള്ളു.

എന്നാല്‍ അവസാന രണ്ടോവറില്‍ ജയത്തിലേക്ക് ഹൈദരാബാദിന് വേണ്ടിയിരുന്നത് 41 റണ്‍സായിരുന്നു. നിര്‍ണായക പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയത് കുല്‍ദീപ് യാദവ് എന്ന ഇടം കൈയന്‍ പേസറും. രണ്ട് പന്തില്‍ മൂന്ന് റണ്‍സുമായി ക്രീസിലുണ്ടായിരുന്നത് ഗ്ലെന്‍ ഫിലിപ്സ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടിം ഡേവിഡ് ജേസണ്‍ ഹോള്‍ഡറെ പറത്തിയതുപോലെ കുല്‍ദീപിന്റെ ആദ്യ മൂന്ന് പന്തുകളും ഗ്ലെന്‍ ഫിലിപ്സ് സിക്സിന് പറത്തി. ആദ്യ രണ്ട് പന്തുകളും ഫുള്‍ടോസായിരുന്നെങ്കില്‍ മൂന്നാം പന്ത് ഷോര്‍ട്ട് പിച്ചായിരുന്നു. തീര്‍ന്നില്ല, നാലാം പന്ത് ബൗണ്ടറി, അഞ്ചാം പന്തില്‍ വീണ്ടും ട്വിസ്റ്റ്, ഫിലിപ്സിനെ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ പറന്നുപിടിച്ചു. ഇതോടെ വീണ്ടും ഹൈദരാബാദിന്റെ പ്രതീക്ഷ മങ്ങി. അവസന പന്തില്‍ മാര്‍ക്കോ ജാന്‍സന്‍ രണ്ട് റണ്‍സെടുത്തതോടെ അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സ്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ എം എസ് ധോണിക്കെതിരെ 21 റണ്‍സ് പ്രതിരോധിച്ച സന്ദീപ് ശര്‍മയെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പന്തെറിയാന്‍ വിളിച്ചു. ആദ്യ പന്തില്‍ തന്നെ അബ്ദുള്‍ സമദ് നല്‍കിയ അനായാസ ക്യാച്ച് സ്കൂള്‍ കുട്ടികളെപ്പോലും നാണിപ്പിക്കുന്ന രീതിയില്‍ ഒബേദ് മക്‌കോയ് നിലത്തിട്ടു. ഹൈദരാബാദ് രണ്ട് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്തില്‍ സമദിന്റെ സിക്സ്. ലോംഗ് ഓണില്‍ ജോ റൂട്ട് പരമാവധി ശ്രമിച്ചെങ്കിലും കൈയില്‍ തട്ടി പന്ത് ബൗണ്ടറി കടന്നു. അടുത്ത മൂന്ന് പന്തില്‍ സന്ദീപ് ശര്‍മ വിട്ടുകൊടുത്തത് നാലു റണ്‍സ്.

ഇതോടെ ജയത്തിലേക്ക് അവസാന പന്തില്‍ വേണ്ടത് അഞ്ച് റണ്‍സ്. സന്ദീപ് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ സമദിന്റെ ഷോട്ട് നേരെ ലോംഗ് ഓഫില്‍ ജോസ് ബട്‌ലറുടെ കൈകളിലേക്ക്. രാജസ്ഥാന് നാലു റണ്‍സിന്റെ നാടകീയ ജയം. വിജയച്ചിരിയുമായി സന്ദീപ് ആകാശത്തേക്ക് വിരലുയര്‍ത്തി നില്‍ക്കെ വെള്ളിടി പോലെ നോ ബോള്‍ സൈറണ്‍ മുഴങ്ങി. അവിശ്വസനീയതോടെ താരങ്ങള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കെ സന്ദീപ് എറിഞ്ഞത് വലിയ നോ ബോളെന്ന് റീപ്ലേകളില്‍ വ്യക്തമായി. റണ്ണോടാതിരുന്നതിനാല്‍ ഹൈദരാബാദിന് ഫ്രീ ഹിറ്റായ അവസാന പന്തില്‍ വേണ്ടത് നാലു റണ്‍സ്. വീണ്ടും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ സന്ദീപിന്റെ പന്തിനെ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സിന് പറത്തി സമദ് ഹൈദരാബാദിന് സമ്മാനിച്ചത് അവിസ്മരണീയ വിജയം. ക്യാപ്റ്റന്‍ സഞ‌്ജു സാസംണിന്റെ മുഖത്ത് നിരാശയുടെ കാര്‍മേഘം പടര്‍ന്നു.

Top