സ്വര്‍ണക്കടത്ത് കേസ്; കാരാട്ട് റസാഖിനും ഫൈസലിനുമെതിരെയുള്ള മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എംഎല്‍എക്കും കാരാട്ട് ഫൈസലിനുമെതിരായ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴി പുറത്ത്. റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് മൊഴി.

കാരാട്ട് ഫൈസലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജൂലായ് എട്ടിനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് വിളിച്ച് മൊഴിയെടുത്തത്. സ്വപ്നയുടെ ഒത്താശയോടു കൂടി സന്ദീപും സരിത്തും റമീസും നടത്തുന്ന സ്വര്‍ണക്കടത്ത് സംബന്ധിച്ച് സൗമ്യക്ക് വ്യക്തമായ വിവരമുണ്ടെന്നാണ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്തിനെ എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരിക ഉപദ്രവം നടത്തിയെന്നും സൗമ്യ നല്‍കിയ മൊഴിയിലുണ്ട്. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്റെ വീട്ടില്‍ കൊണ്ടുവന്നാണ് സ്വര്‍ണം പുറത്തെടുത്തിരുന്നെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്വപ്നയെ പുറത്ത് വിട്ടാല്‍ രാജ്യത്തിന് സാമ്പത്തിക ഭീഷണിയാണെന്ന് ചൂണ്ടികാട്ടി കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് സൗമ്യയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്കെതിരെ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Top