സന്ദീപ് വധം: അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ്കുമാറിന്റെ കൊലപാതകത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആസൂത്രണം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പ്രതികളുടെ കസ്റ്റഡി അപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വൈരാഗ്യവും കാരണമായ കൊലപാതകത്തില്‍ നിലവിലെ പ്രതികള്‍ കൂടാതെ മറ്റാര്‍ക്കെങ്കിലും നേരിട്ട് പങ്കുണ്ടോയെന്നാണ് തെളിയിക്കപ്പെടേണ്ടത്. അതിക്രൂരമായി നടപ്പിലാക്കിയ കൊലാപാതകം മുന്‍കൂട്ടിയുള്ള ആസൂത്രണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.

ഇവരെ ഒളിവില്‍ പോകാന്‍ അടക്കം സഹായിച്ചവരേയും കണ്ടെത്തേണ്ടതുണ്ട്. മൂന്ന് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് കരുവാറ്റയിലെ രതീഷ് എന്ന സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഹരിപ്പാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ രതീഷ് റിമാന്റിലാണ്. ഇയാളെയും കൊലപാതക കേസില്‍ പ്രതി ചേര്‍ക്കും. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

Top