സന്ദീപ് വധക്കേസ്; പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ് ഐ ആര്‍

തിരുവല്ല : പെരിങ്ങരയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്.ഐ.ആര്‍. കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും എഫ്.ഐ,ആറില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സന്ദീപിനോടുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ വച്ച് സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേര്‍ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍, അഭി എന്നിവരാണ് കേസിലെ പ്രതികള്‍.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരില്‍ മൂന്ന് പേരെ ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയില്‍ നിന്നുമാണ് പിടികൂടിയത്. എടത്വായില്‍ നിന്നാണ് അബിയെ പിടികൂടിയത്. യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റാണ് മുഖ്യപ്രതി ജിഷ്ണു രഘു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

Top