സന്ദീപ് വധക്കേസ്; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന്. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റെതാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു.

അതേസമയം, നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെയുള്ള ചോദ്യം ചെയ്യലിലാണ് അഞ്ച് പ്രതികളും നിര്‍ണായകമായ വിവരങ്ങള്‍ മൊഴി നല്‍കിയത്. നിലവില്‍ കിട്ടിയ തെളിവുകളില്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്നതാണ് അഞ്ചാം പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം.

സന്ദീപിനെ കൊന്നത് നിലവിലെ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം. ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇയാളും ക്രിമിനല്‍ കേസുകളിലെ പ്രതി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സന്ദീപ് വധക്കേസിലെ പ്രതികള്‍ മുമ്പ് പല കേസുകളില്‍പ്പെട്ടപ്പോഴും സഹായങ്ങള്‍ നല്‍കിയത് മിഥുനാണ്. ഇയാളുടെ സഹോദരനും ഈ പ്രതികള്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധനഫലം കിട്ടാനുണ്ട്.

Top