സ്വര്‍ണക്കടത്തില്‍ സന്ദീപും മുഖ്യകണ്ണി; വെളിപ്പെടുത്തലുമായി ഭാര്യ

കൊച്ചി: സ്വർണക്കടത്തിൽ സന്ദീപ് നായരും മുഖ്യകണ്ണിയാണെന്ന് കസ്റ്റംസ്. സരിത്തിനും സ്വപ്നയ്ക്കും ഒപ്പം സന്ദീപും സ്വർണക്കടത്തിൽ പങ്കാളിയാണെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന.

അതേസമയം, സന്ദീപ് നായർ സരിത്തിനൊപ്പം മുൻപും സ്വർണം കടത്തിയെന്ന് ഭാര്യ സൗമ്യ പറഞ്ഞു. സന്ദീപ് ഇടയ്ക്കിടെ ദുബായിൽ പോയിരുന്നുവെന്നും എന്നാൽ ദുബായ് യാത്ര സ്വർണക്കടത്തിനാണെന്ന് അറിയില്ലായിരുന്നുവെന്നും കസ്റ്റംസിൻറെ ചോദ്യംചെയ്യലിൽ സൗമ്യ പറഞ്ഞു.

സൗമ്യയെ ചോദ്യം ചെയ്യുന്നത് മണിക്കൂറുകൾ പിന്നിട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് സൗമ്യയെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചത്. കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്യാൻ സാധ്യതയില്ലെന്നാണ് സൂചന.

സരിത്തും സ്വപ്നയുമായും അടുത്ത ബന്ധമുള്ളയാളാണ് സന്ദീപ്. അതുകൊണ്ട് തന്നെ സന്ദീപിനെയും കണ്ടെത്താൻ കസ്റ്റംസ് തീവ്രശ്രമം തുടരുകയാണ്. അതിനിടെ കേസിൽ സരിത്തിനെ നേരിട്ടു ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. എറണാകുളം അഡീഷണൽ സിജെഎം കോടതി കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

Top