സന്ദീപിന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവല്ല: തിരുവല്ല പെരിങ്ങര സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഇരുപതിലേറെ മുറിവേറ്റിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനെന്നു മുറിവുകള്‍ ആഴത്തിവുള്ളതാണ്. വലതു ശ്വാസകോശത്തിന്റെ താഴെഭാഗത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സന്ദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.

സന്ദീപിന്റെ കൊലപാതകം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലം പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേര്‍പാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വെച്ചായിരുന്നു പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ഒരു സംഘം കൊല്ലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമികള്‍ സ്ഥലത്ത് നിന്ന് മടങ്ങിയത്.

Top