കാസർകോട് രണ്ടരക്കോടിയുടെ ചന്ദനമര ശേഖരം പിടികൂടി

കാസർകോട് : കാസർകോട് ജില്ലയിൽ നിന്നും ചന്ദനമര ശേഖരം പിടികൂടി. കാസർകോട് ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നുമാണ് ചന്ദനമര ശേഖരം പിടികൂടിയത്. ഒരു ടണ്ണോളം വരുന്ന ചന്ദനശേഖരമാണ് പിടികൂടിയത്.

പിടികൂടിയ ചന്ദനക്കട്ടികൾക്ക് ഏകദേശം രണ്ടരക്കോടിയോളം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മുഖ്യപ്രതി അബ്ദുൾ ഖാദറിനെ (58) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 ചാക്കുകളിലായാണ് ചന്ദനക്കട്ടികളെല്ലാം സൂക്ഷിച്ചു വച്ചിരുന്നത്. അറസ്റ്റിലായ പ്രതി അബ്ദുൾ ഖാദർ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.

ഇയാൾ വനംവകുപ്പിൻ്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാളാണെന്നും ഇയാളുടെ മകൻ അർഷാദിനേയും കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കാറുകളും അധികൃതർ പിടികൂടിയിട്ടുണ്ട്.

Top